മരം നട്ട് പൊക്കുടനെ അനുസ്മരിച്ചു

ഫോട്ടോ: ചിരന്തന ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ നടന്ന പൊക്കുടന്‍ അനുസ്മരണത്തില്‍ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥി ഷെസിന്‍ അബ്ദുല്‍ ജലീല്‍ മരം നടുന്നു. പുന്നക്കന്‍ മുഹമ്മദലി, സി.പി ജലീല്‍്, സക്കീര്‍ ഹുസൈന്‍ സമീപം

ഷാര്‍ജ: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ കാടുകളുടെ സംരക്ഷകനുമായിരുന്ന കല്ലേന്‍ പൊക്കുടനെ ചിരന്തന അനുസ്മരിച്ചു. കല്ലേന്‍ പൊക്കുടന്റ ആറാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ പൊക്കുടന്റെ നാട്ടില്‍ നിന്നുള്ള നാലാം ക്‌ളാസ് വിദ്യാര്‍ത്ഥി ഷെസിന്‍ അബ്ദുല്‍ ജലീല്‍ മരം നട്ടു കൊണ്ടായിരുന്നു അനുസ്മരണ പരിപാടികള്‍ ആരംഭിച്ചത്. പൊക്കുടന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും പുതു തലമുറക്ക് പരി സ്ഥിതി അവബോധം വളര്‍ത്തുന്നതില്‍ പൊക്കുടന്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. പൊക്കുടന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം കണ്ടല്‍ കാടുകളുടെ സംരക്ഷകനായതിന്റെ പശ്ചാത്തലവും പൊക്കുടന്റെ നാട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന സക്കീര്‍ ഹുസൈന്‍ വിവരിച്ചു. സി.പി ജലീല്‍, ടി.പി അഷ്‌റഫ്, മുര്‍ഷിദ് ശാദുലി, ജിജോ ജേക്കബ്, ഹാഷിഫ് ഹംസുട്ടി, നജാദ് ബീരാന്‍ പങ്കെടുത്തു.