പുത്തൂര്‍ റഹ്മാനെ വയനാട് കെഎംസിസി ആദരിച്ചു

31
ഫുജൈറ-വയനാട് ജില്ലാ കെഎംസിസി ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാനെ സി.സലാം മെമെന്റോ നല്‍കി ആദരിച്ചപ്പോള്‍

ഫുജൈറ: ജീവകാരുണ്യ-സാന്ത്വന പ്രവര്‍ത്തന വഴിയില്‍ മഹനീയ മാര്‍ഗം തീര്‍ത്ത് ശ്രദ്ധേയമാവുകയാണ് യുഎഇ കെഎംസിസി. കൊറോണ ദുരന്ത മുഖത്ത് പ്രതിസന്ധിയിലായവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന യുഎഇ കെഎംസിസിയുടെ അമരക്കാരന്‍ ഡോ. പുത്തൂര്‍ റഹ്മാനെ വയനാട് കെഎംസിസി ഫുജൈറ കമ്മിറ്റി മെമെന്റോ നല്‍കി ആദരിച്ചു. കെഎംസിസിയുടെ ഖ്യാതി വിശ്വത്തോളമുയര്‍ന്ന സവിശേഷ സാഹചര്യമാണിപ്പോഴുള്ളത്. ഗള്‍ഫ് നാടുകളിലെ സാമൂഹിക രംഗങ്ങളില്‍ കെഎംസിസി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമാണുള്ളത്. ഗള്‍ഫിലെ വിവിധ വിഭാഗങ്ങളുടെ അമരത്തിരിക്കുന്ന അധികൃതരില്‍ പോലും കെഎംസിസിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസയുളവാക്കുന്നു. ക്‌ളേശമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അതത് സമയങ്ങളില്‍ ഗള്‍ഫ് നാടുകളിലെ അധികൃതരുടെയും ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും മുന്നില്‍ അവതരിപ്പിക്കാനും പരിഹാരം കാണാനും കെഎംസിസി നേതൃപരമായ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നിസ്സാര കാരണങ്ങളാലും മറ്റും ജയിലിലായ പ്രവാസികളെ മോചിപ്പിക്കാനും അതത് ഗള്‍ഫ് നാടുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കെഎംസിസി സംഘടനകള്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുന്നു. കോവിഡ് 19 കാലത്ത് യുഎഇ കെഎംസിസിയുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് പറന്ന നൂറുകണക്കിന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാലു വിമാനങ്ങള്‍ ഫുജൈറ, അബുദാബി കെഎംസിസി വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി പറത്തുകയുണ്ടായി. അതിനു വേണ്ട നിര്‍ദേശങ്ങളും പ്രചോദനവും ഡോ. പുത്തൂര്‍ റഹ്മാനായിരുന്നുവെന്ന് ഫുജൈറ-വയനാട് ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് പിണങ്ങോട് പറഞ്ഞു. ഫുജൈറ-വയനാട് കെഎംസിസി ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ പ്രമുഖ ബിസിനസുകാരന്‍ മുസ്‌ലിം ലീഗ് എംഎല്‍എ സി.മമ്മൂട്ടിയുടെ സഹോദരന്‍ സി.സലാം ഡോ. പുത്തൂര്‍ റഹ്മാനെ മെമെന്റോ നല്‍കി ആദരിച്ചു. ”ഈ മഹാമാരി പ്രതിസന്ധിയില്‍ വലയുന്ന അശരണര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തും ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് നടപടികള്‍ സ്വീകരിച്ചും രാപകലില്ലാതെ കഷ്ടപ്പെടുന്ന സഹപ്രവര്‍ത്തകരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ ഞാന്‍ നെഞ്ചേറ്റുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്കുള്ളതാണ്” -പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു. ചടങ്ങില്‍ വയനാട് കെഎംസിസി ഫുജൈറ ചാപ്റ്റര്‍ പ്രസിഡന്റ് അസീസ് പിണങ്ങോട്, ജന.സെക്രട്ടറി യൂസുഫ് അറുവാള്‍, ട്രഷറര്‍ ഫൈസല്‍ ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു.