സാഹസിക മലകയറ്റക്കാര്‍ ശ്രദ്ധിക്കണമെന്ന് റാസല്‍ഖൈമ പൊലീസ് മുന്നറിയിപ്പ്

    ദുബൈ: റാസല്‍ഖൈമയിലെ മലമ്പ്രദേശങ്ങളില്‍ സാഹസിക യാത്രക്ക് പുറപ്പെടുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് റാസല്‍ഖൈമ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ പകല്‍സമയങ്ങളില്‍ പ്രത്യേകിച്ച് നല്ല ചൂടുള്ള അന്തരീക്ഷത്തില്‍ മലകയറുന്നത് അത്ര സുരക്ഷിതമല്ല. പലരും കൈയ്യില്‍ ആവശ്യത്തിന് വെള്ളം പോലുമില്ലാതെ ആവേശത്തില്‍ മല കയറുകയാണ്. ദാഹിച്ച് വലഞ്ഞ് മലമുകളിലെത്തുമ്പോഴാണ് പലര്‍ക്കും ബുദ്ധിമുട്ട് മനസ്സിലാകുന്നത്. പൊള്ളുന്ന ചൂടില്‍ നിര്‍ജലീകരണം കാരണം മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം റാസല്‍ഖൈമയിലെ വാദി നഖബില്‍ നാല് മലകയറ്റക്കാര്‍ കുടുങ്ങിയിരുന്നു. ഇവരെ പൊലീസ് എത്തിയാണ് സുരക്ഷാസ്ഥാനത്തേക്ക് മാറ്റിയത്. പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈയ്യില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു. ഇവര്‍ കുടുങ്ങിയ സ്ഥലം കണ്ടെത്താന്‍ പൊലീസ് പ്രയാസപ്പെട്ടു. എയര്‍ ആംബുലന്‍സ് ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആവശ്യമായ മുന്‍കരുതല്‍ സാമഗ്രികള്‍ ഇവരുടെ കൈവശമില്ലായിരുന്നു. മലകയറ്റക്കാര്‍ നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കാന്‍ വിസില്‍ പോലുള്ള സാധനങ്ങള്‍ കരുതുന്നത് നല്ലതാണെന്നും പൊലീസ് പറഞ്ഞു. ഈ വര്‍ഷം റാസല്‍ഖൈമയില്‍ ഇത്തരത്തില്‍ 19 രക്ഷാദൗത്യങ്ങളാണ് പൊലീസ് ഏറ്റൈടുത്തത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഷാര്‍ജയിലെ ഖോര്‍ഫകാന്‍ പര്‍വ്വതപ്രദേശത്ത് ലെബനാന്‍ സ്വദേശി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി ആളുകളാണ് മലമുകളില്‍ കുടുങ്ങുന്നത്. മലകയറുന്നവര്‍ രാവിലെ നേരത്തെ അതിന് തുടക്കം കുറിക്കണം. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതണം. വെയില്‍ ശക്തമാകുന്നതിന് മുമ്പായി ഏതെങ്കിലും വിശ്രമിക്കാന്‍ കഴിയുന്ന സ്ഥലത്തെത്തണം. മാത്രമല്ല മലകയറുന്ന വിവരം ബന്ധപ്പെട്ട ആരെയെങ്കിലും അറിയിക്കണം. ഏത് പ്രദേശമാണെന്നും പറയണം. ഇത്തരത്തില്‍ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.