മെട്രോ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണത്തിന് ത്രീ-ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ

    ദുബൈ: മെട്രോയുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മിക്കാന്‍ 3-ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്യമായ പുരോഗതി കൈവരിച്ചതായി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
    ത്രീ-ഡി പ്രിന്റിംഗ് പദ്ധതി നടപ്പാക്കുന്നതിന് ആര്‍ടിഎയും ദുബൈ മെട്രോയുടെ മെയിന്റനന്‍സ് കരാറുകാരനായ സെര്‍കോയും ഒരു പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട്. ”നിരവധി പ്രോജക്റ്റുകളിലും ആപ്ലിക്കേഷനുകളിലും 3 ഡി പ്രിന്റിംഗ് ഉപയോഗിക്കുന്നത് ദുബൈയെ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട നഗരമാക്കി മാറ്റുന്നതിന് ഫലപ്രദമായി പുതിയ സാങ്കേതികതകളും ക്രിയേറ്റീവ് മാര്‍ഗങ്ങളും വികസിപ്പിക്കാന്‍ സഹായിക്കുന്നു.” അതോറിറ്റിയിലെ മെയിന്റനന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അമീരി പറഞ്ഞു. ദേശീയ അണുവിമുക്തമാക്കല്‍ പരിപാടിയില്‍ മാസ്‌ക് സ്ട്രാപ്പ് ക്ലിപ്പുകള്‍ നിര്‍മ്മിച്ച് മുന്‍നിര തൊഴിലാളികളെ സഹായിക്കാന്‍ ആര്‍ടിഎ 3-ഡി പ്രിന്റിംഗ് ഉപയോഗിച്ചു. ചില മെട്രോ സ്പെയര്‍ പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ ഒരേ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെന്ന് അല്‍ അമിരി പറഞ്ഞു. പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി
    90 ശതമാനം സമയവും യഥാര്‍ത്ഥ ചെലവിന്റെ 50 ശതമാനവും ഇതിലൂടെ ലാഭിക്കാന്‍ കഴിയും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശപ്രകാരം ഗതാഗത മേഖലയില്‍ 3-ഡി പ്രിന്റിംഗ് സ്വീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2030 ഓടെ എമിറേറ്റിലെ എല്ലാ നിര്‍മാണങ്ങളുടെയും 25 ശതമാനം ഈ സാങ്കേതികവിദ്യ ഉപയോഗിക്കും.
    താമസിയാതെ ഒരു കാല്‍നട പാലം, ഹത്ത ഗേറ്റ്, ഒരു ബസ് സ്റ്റോപ്പ്, ഒരു മറൈന്‍ സ്റ്റേഷന്‍ എന്നിവ നിര്‍മ്മിക്കാന്‍ 3 ഡി പ്രിന്റിംഗ് ഉപയോഗിക്കാന്‍ ആര്‍ടിഎ പദ്ധതി തുടങ്ങി. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ലോകത്തിലെ ഏറ്റവും വലിയ 3-ഡി അച്ചടിച്ച കെട്ടിടം പുറത്തിറക്കി.
    രണ്ട് നിലകളുള്ള ആദ്യത്തെ അച്ചടിച്ച കെട്ടിടമായിട്ടാണ് ഈ കെട്ടിടം ഇപ്പോള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.