കോവിഡ് പ്രതിരോധം ഫലപ്രദമായി നടത്തിയ ആര്‍ടിഎക്ക് അംഗീകാരം

    നോര്‍വീജിയന്‍ ഡിഎന്‍വി.ജിഎല്‍ അവാര്‍ഡ് ദുബൈ ആര്‍ടിഎ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നു

    ദുബൈ: കോവിഡ് കാലത്ത് പൊതുഗതാഗതത്തിന് തടസ്സം നേരിടാതെ തന്നെ പ്രതിരോധ നടപടികള്‍ ഫലപ്രദമായി നടപ്പാക്കിയ ദുബൈ ആര്‍ടിഎക്ക് ദേശീയ അംഗീകാരം. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്വീകരിച്ച പ്രിവന്റീവ് നടപടികള്‍ അണുബാധ തടയുന്നതിലും ബന്ധപ്പെട്ട അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിലും പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനമായ നോര്‍വീജിയന്‍ ഡിഎന്‍വി.ജിഎല്ലില്‍ നിന്ന് അംഗീകാരം നേടി. യാത്രക്കാരെയും സേവന ഗുണഭോക്താക്കളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി ആര്‍ടിഎ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പരിശോധിക്കുന്നതിനായി കമ്പനി നടത്തിയ ഒരു ഫീല്‍ഡ് സര്‍വേയും സമഗ്രമായ വിലയിരുത്തലും അനുസരിച്ചാണ് അവാര്‍ഡ്. ആര്‍ടിഎയുടെ സ്ട്രാറ്റജി, കോര്‍പ്പറേറ്റ് ഗവേണന്‍സ് സെക്ടറിന്റെ ടീമില്‍ നിന്ന് ഡിഎന്‍വി ജിഎല്ലിന്റെ ‘മെച്യൂരിറ്റി സ്റ്റേറ്റ്മെന്റ്’ ആര്‍ടിഎയുടെ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനുമായ മത്താര്‍ മുഹമ്മദ് അല്‍ ടയര്‍ സ്വീകരിച്ചു. ദുബൈ ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍ മര്‍റിയുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. ആര്‍ടിഎ നടപടികള്‍ മൂന്ന് ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ എല്ലാ ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കുക. എല്ലാ സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തി കോവിഡ് പ്രതിരോധിക്കാനുള്ള ദുബൈയുടെ ശ്രമങ്ങളെ പിന്തുണക്കുക. ദേശീയ അണുനാശിനി പരിപാടിയില്‍ ആര്‍ടിഎ ടെര്‍മിനല്‍ സ്റ്റേഷനിലെ ഓരോ മെട്രോ ട്രെയിനുകളും ശുചിത്വവല്‍ക്കരിക്കുകയും പ്രവൃത്തി ദിവസം അവസാനിക്കുമ്പോഴേക്കും 79 ട്രെയിനുകളുടെ മുഴുവന്‍ കോച്ചുകളും ശുദ്ധീകരിക്കുകയും ചെയ്തു. 47 സ്റ്റേഷനുകള്‍ എല്ലാ ദിവസവും ശുചീകരിച്ചു. കോവിഡ് -19 ന്റെ വെല്ലുവിളികളെ ദുബൈ വിജയകരമായി അതിജീവിച്ചു. ഒരു പ്രത്യേക പ്രതിരോധ നടപടിയുടെ അടിസ്ഥാനത്തില്‍ ദുബൈ ഇപ്പോള്‍ വിനോദസഞ്ചാര, വ്യാപാര പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുറന്നു. എമിറേറ്റ് പൂര്‍ണമായ വീണ്ടെടുക്കലിലേക്ക് മുന്നേറുകയാണ്. ലോക്ക്ഡൗണ്‍ കാലയളവില്‍ ആര്‍ടിഎയുടെ പ്രതിരോധ നടപടികളെ അല്‍ര്‍റി അഭിനന്ദിച്ചു. ഇത് കോവിഡ് -19 പ്രിവന്റീവ് മെഷര്‍സ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ആര്‍ടിഎയെ സഹായിച്ചു.