കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് സവിതാ മഹേഷും മക്കളും

മഹേഷ് കണ്ണൂരും ഭാര്യ സവിതയും മക്കളായ ലക്ഷ്മിയും ആഭേരിയും

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: ആഴ്ചയില്‍ ഒന്നോ രണ്ടോ സ്റ്റേജ് പരിപാടികള്‍. പ്രവാസ ലോകത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി ദിനങ്ങളുമൊക്കെ കലാകാരന്‍മാരുടെ ദിവസങ്ങളായിരുന്നു. ആഘോഷ പരിപാടികള്‍ക്കും മറ്റും ഒത്തുകൂടുമ്പോള്‍ വേദികളില്‍ നിറഞ്ഞു നിന്നവരാണ് കലാകാരന്‍മാരെങ്കില്‍ ഈ കൊറോണ കാലം അവരെയൊക്കെ വീട്ടിലിരുത്തി. ഇനി എന്ന് ആ പഴയ വേദികളൊക്കെ തിരിച്ചു കിട്ടുമെന്ന ചോദ്യവുമായി നില്‍ക്കുകയാണ് ചിലരൊക്കെ.
കൊറോണ കാലത്ത് പൊതുവേദികള്‍ നഷ്ടമായപ്പോള്‍ ഇവിടെ ഒരു കുടുംബം സോഷ്യല്‍ മീഡിയ കയ്യടക്കിക്കഴിഞ്ഞു. റാസല്‍ഖൈമ റേഡിയോ ഏഷ്യയില്‍ ജോലി ചെയ്യുന്ന മഹേഷ് കണ്ണൂരിന്റെ ഭാര്യ സവിതയും മക്കള്‍ ലക്ഷ്മിയും ആഭേരിയുമാണ് ഇന്ന് പാട്ടുകള്‍ പാടി സോഷ്യല്‍ മീഡിയ കയ്യടക്കിയത്. ഇതിനോടകം നൂറുകണക്കിന് ഫെയ്‌സ്ബുക് കൂട്ടായ്മകളുടെ പേജിലൂടെയാണ് ഇവര്‍ പാട്ടുകളുമായി എത്തിയത്.
ചെറുപ്പം മുതലേ സംഗീത വാസനയുള്ള സവിത റാസല്‍ഖൈമ സ്‌കോളേഴ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ സംഗീതാധ്യാപികയായിരുന്നു. 13 വര്‍ഷമായി യുഎഇയിലുള്ള ഇവര്‍ പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം പാസായിട്ടുണ്ട്.
അഞ്ചാം വയസ് മുതല്‍ തന്നെ വേദികളില്‍ പാടിത്തുടങ്ങിയ സവിത നാട്ടിലും ഗള്‍ഫിലുമായി നിരവധി സ്റ്റേജ് പരിപാടികളില്‍ ഒട്ടുമിക്ക കലാകാരന്‍മാരോടൊപ്പം പാടിയിട്ടുണ്ട്. അന്തരിച്ച കവിയും ഗാനരചയിതാവുമായിരുന്ന പി.ടി അബ്ദുറഹ്മാന്‍ രചിച്ച ‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ…’ എന്ന മാപ്പിളപ്പാട്ട് കഴിഞ്ഞ ബലിപെരുന്നാളിന് സവിതയും മകള്‍ ലക്ഷ്മിയും പാടിയത് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു.
സ്‌കൂളില്‍ ഗാനാലാപത്തില്‍ സമ്മാനം വാങ്ങിയിട്ടുള്ള ലക്ഷ്മി കൊറിയന്‍ ബാന്‍ഡായ ബിടിഎസിന്റെ ആരാധികയാണ്. കൊറിയന്‍ പാട്ടുകള്‍ ആലപിക്കാറുള്ള ലക്ഷ്മിയുടെ കൈവശം 300ലേറെ പാട്ടകളുടെ ശേഖരവുമുണ്ട്. ഇളയ സഹോദരി ആഭേരി മഹേഷും പാട്ടില്‍ ശ്രദ്ധേയയാണ്. മൂവരും ഒന്നിച്ച് പാടിയ പാട്ടുകളും എഫ്ബിയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.