ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂളുകള്‍ 27ന് തുറക്കും

    ദുബൈ: ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ സെപ്തംബര്‍ 27 മുതല്‍ തുറക്കാന്‍ ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി തീരുമാനിച്ചു. അതിന് മുമ്പായി കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ നടപ്പാക്കേണ്ടിവരും. കഴിഞ്ഞ മാര്‍ച്ചിനു ശേഷം അടച്ചിട്ട ഷാര്‍ജയിലെ ക്ലാസുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാവുകയാണ്. ഇതുവരെ വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മറ്റു എമിറേറ്റുകളില്‍ പുതിയ അധ്യയന തുക്കത്തില്‍ തന്നെ, അതായത് ആഗസ്റ്റ് 31 ന് തന്നെ സ്‌കൂളുകള്‍ തുറന്നിരുന്നു. എന്നാല്‍ ഷാര്‍ജയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് രണ്ട് ആഴ്ചത്തേക്ക് നീട്ടിവെച്ചിരുന്നു. ഇപ്പോള്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അതോറിറ്റി തുറക്കാനുള്ള തീരുമാനമുണ്ടായത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് കോവിഡ് സുരക്ഷുമായി ബന്ധപ്പെട്ട് അധികൃതര്‍ പരിശോധന നടത്തും. പലയിടത്തും ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അധ്യാപകര്‍ അടക്കമുള്ള എല്ലാ ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തിയിരിക്കണം. നിലവില്‍ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ക്ലാസുകള്‍ തുറക്കുന്നത്. മറ്റുള്ളവര്‍ക്ക് ഈ ടേം പൂര്‍ണമായും വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തില്‍ തുടരാവുന്നതാണ്. ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമെ ക്ലാസുകളില്‍ പ്രവേശിക്കുകയുള്ളൂ. ബസ്സുകളിലും ക്ലാസ് മുറികളിലും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തും. ഒപ്പം സാമൂഹിക അകലം കര്‍ശനമായി പാലിക്കും. സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാസൗകര്യങ്ങള്‍ എല്ലായിടത്തുമുണ്ടാവും.