ദുബൈ: ലോക്കഡൗണ്‍ കാലത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകരെയും സാമൂഹിക-ജീവകാരുണ്യ സംഘടനകളെയും ആദരിക്കുകയെന്ന ഉദ്ദേശ്യത്തോടെ അജ്‌വ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റീസ് യുഎഇയിലെ മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ ചെര്‍ക്കളം അബ്ദുല്ല സ്മാരക സല്യൂട്ട് അവാര്‍ഡ് കോവിഡ് 19 പ്രതിരോധ രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച ദുബൈ-ഉദുമ മണ്ഡലം കെഎംസിസി ജന.സെക്രട്ടറി ഷബീര്‍ കീഴൂര്‍ അര്‍ഹനായി. യുഎ ഇയിലെ മികച്ച സാമൂഹിക-ജീവകാരുണ്യ പഞ്ചായത്ത് കമ്മിറ്റിയായി ദുബൈ-ബദിയടുക്ക പഞ്ചായത്ത് കെഎംസിസിയെയും തെരഞ്ഞെടുത്തു.
ജ്യൂറി ചെയര്‍മാനും ചിത്രകാരനുമായ ശങ്കരനാരായണ പുണിഞ്ചിത്തായ (പി.എസ് പുണിഞ്ചിത്തായ) ആണ് അവാര്‍ഡ് വിവരം കാസര്‍കോട് പ്രസ്സ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഡിസംബര്‍ 25ന് കാസര്‍കോട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. അവാര്‍ഡിനര്‍ഹനായ ഷബീര്‍ കീഴൂരിനെയും ദുബൈ-ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയെയും കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫസല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിനന്ദിച്ചു.
മുന്‍ മന്ത്രിയും കാസര്‍കോട്ടുകാരുടെ എക്കാലത്തെയും അനിഷേധ്യ നേതാവായ ചെര്‍ക്കളം അബ്ദുല്ല മത സൗഹാര്‍ദത്തിനും കലാ-കായിക രംഗത്തും അര്‍പ്പിച്ച സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് വ്യാപനം നടന്ന ആദ്യ ഘട്ടത്തില്‍ തന്നെ ദുബൈ ഗവണ്‍മെന്റിനൊപ്പം പ്രധിരോധ പ്രവര്‍ത്തനവുമായി ഷബീറിനൊപ്പം കാസര്‍കോട് ജില്ലയിലെ കെഎംസിസിയുടെ പ്രവര്‍ത്തകര്‍ നായിഫ്, അല്‍റാസ്, ബര്‍ദുബൈ, കറാമ മേഖലകളില്‍ സഹായങ്ങള്‍ നല്‍കാനായി തുടങ്ങിയ ഹെല്‍പ് ഡെസ്‌ക് വിപുലമായ തലത്തിലാണ് പ്രവര്‍ത്തനം നടത്തിയത്. ആഴ്ചകള്‍ക്കുള്ളില്‍ ഹെല്‍പ് ഡെസ്‌കിന്റെ സേവനങ്ങള്‍ വ്യാപിപ്പിച്ചു. കെഎംസിസിയുടെ 200ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ ഡിഎച്ച്എ, പൊലീസ്, വത്വന്‍ അല്‍ ഇമാറാത്ത് എന്നിവയുടെ സഹകരണത്തോടെ പൂര്‍ണ സജ്ജമായി രംഗത്തിറങ്ങി.