ഷാര്‍ജയെ ഹരിതവത്കരിക്കാന്‍ പദ്ധതികളുമായി നഗരസഭ

ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: എമിറേറ്റിനെ ഹരിതാഭമാക്കാന്‍ വിവിധ പദ്ധതികളുമായി ഷാര്‍ജ നഗരസഭ. തൈകള്‍ നട്ടു പിടിപ്പിച്ചും വിതരണം ചെയ്തും ഷാര്‍ജക്ക് പച്ചപ്പ് സമ്മാനിക്കുകയാണ് ഷാര്‍ജ നഗരസഭ കാര്‍ഷിക വിഭാഗം.
യുഎഇ സുപ്രീം കൗണ്‍സില്‍ മെംബറും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അളവറ്റ പ്രോത്സാഹനമാണ് ഈ വിഷയത്തില്‍ നല്‍കുന്നത്. ശൈഖ് സുല്‍ത്താന്റെ പ്രത്യേക നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഷാര്‍ജയെ പച്ച പുതപ്പിക്കാന്‍ സുസ്ഥിരവും ദീര്‍ഘ കാല ഫലം നല്‍കുന്നതുമായ വ്യത്യസ്ത പദ്ധതികള്‍ ഷാര്‍ജ നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.
ഈ വര്‍ഷം പകുതി വരെ ഒന്നര ലക്ഷത്തിലധികം തൈകളാണ് ഷാര്‍ജ നഗരസഭ നട്ടു പിടിപ്പിച്ചത്. 25 ഫല ഇനങ്ങള്‍ക്ക് പുറമെ, നൂറുകണക്കിന് വിവിധ തരം സസ്യങ്ങളും വളര്‍ത്തുന്നു. കൂടാതെ, നാമമാത്ര വിലക്ക് ആവശ്യക്കാര്‍ക്ക് തൈകള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയും നഗര സഭ നടപ്പാക്കി. പ്രസ്തുത പദ്ധതി ആയിരക്കണക്കത്തിന് പേര്‍ ഉപയോഗപ്പെടുത്തി. സ്വദേശികള്‍ വീടുകളോട് ചേര്‍ന്നും കൃഷി സ്ഥലത്തും തൈകള്‍ നട്ടു പിടിപ്പിച്ചു. താമസ, ജോലി കേന്ദ്രങ്ങളില്‍ വളര്‍ത്താനായി തൈകള്‍ കൈപ്പറ്റുന്ന വിദേശികളും നിരവധി.
നഗരസഭയുടെ പാര്‍ക്കുകള്‍, കോര്‍ണിഷുകള്‍, റോഡ് വക്കുകള്‍, പൊതുജനം ഒത്തുകൂടുന്ന മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലും വിത്യസ്ത ഇനം തൈകള്‍ നട്ടു പിടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും പൂന്തോട്ടങ്ങള്‍ ഒരുക്കുന്നവര്‍ക്കായി പ്രോത്സാഹനവും മാര്‍ഗ നിര്‍ദേശവും ഷാര്‍ജ നഗരസഭ കാര്‍ഷിക വകുപ്പ് നല്‍കുന്നു. വീടുകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് പൂന്തോട്ടമൊരുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി മത്സരവും വര്‍ഷം തോറും നടത്തുന്നു.