
ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ ദ്വിദിന സമ്മര്‍ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. റോള മുസല്ല പാര്‍ക്കിന് സമീപത്തെ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന സൗജന്യ ആരോഗ്യ പരിശോധനാ അവസരം ആദ്യ ദിവസം തന്നെ നൂറുക്കണക്കിന് പേര്‍ ഉപയോഗപ്പെടുത്തി. വിവിധ വിഭാഗങ്ങളിലെ ആരോഗ്യ പരിശോധനയും ആവശ്യമായവര്‍ക്ക് ലാബ് ടെസ്റ്റുകളും പൂര്‍ണമായും സൗജന്യമായി നല്‍കി.
ഇന്നലെ രാവിലെ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറി നിസാര്‍ തളങ്കര ദ്വിദിന മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ഷിഫാ അല്‍ജസീറ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ താരിഖ് അബ്ദുല്‍ അസീസ് പ്രസംഗിച്ചു. മെഡിക്കല്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.
ഡോ. ഷരീഫ്, ഡോ. ഷാഹിന, ഡോ. റഹ്മാന്‍ ഷഫീഖ്, ഡോ. യൂനുസ്, ഡോ. സുധ, ഡോ. ബദ്‌റുദ്ദീന്‍, ഡോ. നബീല പരിശോധനക്ക് നേതൃത്വം നല്‍കി. ഷിഫാ അല്‍ജസീറ മെഡിക്കല്‍ സെന്ററിനുള്ള ഷാര്‍ജ കെഎംസിസിയുടെ ഉപഹാരം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജന.സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി ഡോ. ഷരീഫിന് സമ്മാനിച്ചു. ഷാര്‍ജ കെഎംസിസി ഭാരവാഹികളായ സെയ്ദ് മുഹമ്മദ് അല്‍തഖ്‌വ, അബ്ദുല്ല ചേലേരി, ത്വയ്യിബ് ചേറ്റുവ, സക്കീര്‍ കുമ്പള, മുജീബ് തൃക്കണാപുരം, സഅദ് പുറക്കാട് സംബന്ധിച്ചു. ഷാര്‍ജ കെഎംസിസി ജന.സെക്രട്ടറി കെ.ടി.കെ മൂസ സ്വാഗതവും മെഡിക്കല്‍ ക്യാമ്പ് സംഘാടക സമിതി ജന.കണ്‍വീനര്‍ ബഷീര്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.
മെഡിക്കല്‍ ക്യാമ്പ് ഇന്നും തുടരും. രാവിലെ എട്ടു മണിക്ക് ആരംഭിക്കും. രാത്രി എട്ടു മണിയോടെ ദ്വിദിന മെഡിക്കല്‍ ക്യാമ്പിന് സമാപനമാകും.