സിലികണ്‍ ഒയാസീസും സ്മാര്‍ട്ടാവുന്നു-ഡിജിറ്റല്‍ സംവിധാനമൊരുക്കി പൊലീസ്

    സിലികണ്‍ ഒയാസീസില്‍ തുടങ്ങിയ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തപ്പോള്‍

    ദുബൈ: സിലികണ്‍ ഒയാസീസില്‍ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സംവിധാനമൊരുക്കി ദുബൈ പൊലീസ്. പുതുതായി ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും അറുപതോളം സേവനങ്ങള്‍ ഏഴ് ഭാഷകളിലായി ലഭിക്കും. ക്രിമിനില്‍ കമ്യൂണിറ്റി സേവനങ്ങളായിരിക്കും പ്രധാനമായും ലഭിക്കുക. ‘വാക്ക് ഇന്‍’ എന്ന പേരിലുള്ള പുതിയ സ്റ്റേഷന്റെ ഉദ്ഘാടനം ദുബൈ പൊലീസ് കമാന്റര്‍ ഇന്‍ചീഫ് ലഫ്.ജനറല്‍ അബ്ദുല്ല ഖലീഫ് അല്‍മര്‍റി നിര്‍വഹിച്ചു. പൊലീസ് സ്റ്റേഷനിലെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ക്ക് ക്രിമിനില്‍ കേസുകള്‍, ട്രാഫിക് സംഭവങ്ങള്‍, മറ്റു കാര്യങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്ക് പോലും ആരുടെയും സഹായമില്ലാതെ തന്നെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ നല്‍കാം. ദുബൈ വിഷന്‍ 2021 ന്റെ ഭാഗമായാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഡിജിറ്റല്‍ സംവിധാനമുള്ള പൊലീസ് സേവനങ്ങള്‍ നല്‍കുന്നതെന്ന് ജനറല്‍ അല്‍മര്‍റി പറഞ്ഞു. ദുബൈ നഗരത്തെ ഭാവിയിലേക്കുള്ള കവാടമാക്കി മാറ്റുകയെന്ന ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ കൂടുതല്‍ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കുകയും അതുവഴി പൊതുസമൂഹത്തിന് എളുപ്പത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുകയെന്ന യുഎഇ തന്ത്രത്തിന്റെ ഭാഗമായും ആണ് ഈ നീക്കം. ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ പൊതുസമൂഹത്തിന് കൂടുതല്‍ സന്തോഷപ്രദമായ സേവനങ്ങള്‍ നല്‍കാന്‍ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഇപ്പോള്‍ സിലികണ്‍ ഒയാസീസില്‍ സ്ഥാപിച്ചിട്ടുള്ള വാക് ഇന്‍ എമിറേറ്റിലെ പന്ത്രണ്ടാമത്തെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.