എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം (74) അന്തരിച്ചു. കോവിഡ് 19 പോസിറ്റീവാകുകയും പിന്നീട് നെഗറ്റീവായി അസുഖം ഭേദപ്പെട്ട് വരികയും ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം പൊടുന്നനെ ശ്വാസകോശ സംബന്ധമായ അസ്വസ്ഥകള്‍ വര്‍ധിച്ച് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ലോകമെങ്ങുമുള്ള സംഗീത, കലാ പ്രേമികളെ കണ്ണീരിലാഴ്ത്തി എസ്.പി.ബിയുടെ വിയോഗം.
ആഗസ്റ്റ് 5നാണ് കോവിഡ് 19 ബാധിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു.
ഇതിനിടെ, സെപ്തംബര്‍ ആദ്യം കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചക്ക് ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എംജിഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ എസ്.പി ചരണ്‍ സോഷ്യല്‍ മീഡിയിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ലോകപ്രസിദ്ധനായിരുന്നു എസ്.പി.ബി. 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000ത്തിലധികം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറു ദേശീയ പുരസ്‌കാരങ്ങളും ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്റെ 25 നന്ദി പുരസ്‌കാരങ്ങളും, കലൈമാമണി അടക്കം തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍.ടി.ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷണ്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
സാവിത്രിയാണ് ഭാര്യ. പ്രശ്‌സത ഗായകനായ മകന്‍ എസ്.പി.ബി ചരണിനെ കൂടാതെ പല്ലവി എന്ന മകളുമുണ്ട്.