എസ്.പി.ബി: രാജ്യാന്തര സമൂഹത്തിനും മറക്കാനാവാത്ത മധുര ശബ്ദം

ജലീല്‍ പട്ടാമ്പി
ദുബൈ: വിഖ്യാത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തെ ഇന്ത്യക്കെന്ന പോലെ തന്നെ രാജ്യാന്തര സമൂഹത്തിനും മറക്കാനാവില്ല. മലയാളമടക്കം 16 ഇന്ത്യന്‍ ഭാഷകളിലായി 40,000ത്തിലധികം പാട്ടുകള്‍ ആലപിച്ച ഈ അതുല്യ ഗായകന്‍ യുഎഇയിലെ ദുബൈ, അബുദാബി നഗരങ്ങളിലടക്കം ജിസിസി രാജ്യങ്ങളിലെ നിരവധി വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടന്‍, കാനഡ, അമേരിക്ക, മലേഷ്യ, ശ്രീലങ്ക, റഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ അനേകം വിദേശ രാജ്യങ്ങളിലെ വേദികളില്‍ അനവധി തവണ അദ്ദേഹം സംഗീത പരിപാടികള്‍ക്ക് എത്തിയിട്ടുണ്ട്.
കൈരളി ടിവിയുടെ പരിപാടിക്കായി 2018 മാര്‍ച്ചില്‍ അദ്ദേഹം ദുബൈയിലെത്തിയിരുന്നു. ഇത്തിസാലാത്ത് അക്കാദമി ആംഫി തിയ്യറ്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നും അദ്ദേഹം ആദരമേറ്റു വാങ്ങിയിരുന്നു.
2015 ഏപ്രില്‍ 23ന് അബുദാബി നാഷനല്‍ തിയ്യറ്ററില്‍ യുഎഇയിലെ ഏറ്റവും വലിയ തെലുഗ് സാംസ്‌കാരിക സംഘടനയായ ‘ത്രിവേണി സപ്തസ്വര’ സംഘടിപ്പിച്ച സംഗീത പരിപാടിയിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ലുലു ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ എ.പി.ബിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ്.പി ചരണും പങ്കെടുത്തിരുന്നു. 2008ലും അബുദാബിയില്‍ മറ്റൊരു സംഗീത പരിപാടിയില്‍ അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു.
ഇളയരാജയുടെ പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ അനുമതിയില്ലാതെ പാടുന്നുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച സന്ദര്‍ഭവും സംഗീത ചരിത്രത്തിലുണ്ട്. 2016ല്‍ അമേരിക്കന്‍ സംഗീത പര്യടനത്തിനിടയിലായിരുന്നു അത്. എന്നാല്‍, അതേക്കുറിച്ച് തനിക്ക് മുന്നറിവുണ്ടായിരുന്നില്ലെന്നും നിയമം അനുസരിക്കുമെന്നും എസ്.പി.ബി അന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. മറ്റു സംഗീതജ്ഞരുടെ ഗാനങ്ങളാണ് ലോസേഞ്ചലസിലെ ആ പരിപാടിക്കിടെ എസ്.പി.ബിയും മകന്‍ ചരണും അന്ന് ആലപിച്ചത്.
1980ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത തെലുഗ് ചിത്രം ‘ശങ്കരാഭരണ’ത്തിലൂടെയാണ് എസ്പിബിയുടെ ശബ്ദം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും, കര്‍ണാടക സംഗീതവുമായി വളരെ അടുത്തു നില്‍ക്കുന്ന ചിത്രത്തിലെ ‘ഓംകാരനാദാനു’ എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീത ലോകത്തിന് തന്നെ വിസ്മയമായിരുന്നു. ‘ശങ്കരാഭരണ’ത്തിലെ ”ശങ്കരാ…” എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.
ആനന്ദ് മിലിന്ദ്, എം.എസ് വിശ്വനാഥന്‍, ഉപേന്ദ്ര കുമാര്‍, ഇളയരാജ, കെ.വി മഹാദേവന്‍ തുടങ്ങിയ മുന്‍കാല സംഗീത സംവിധായകര്‍ മുതല്‍ വിദ്യാസാഗര്‍, എം. എം കീരവാണി, എ.ആര്‍ റഹ്മാന്‍ തുടങ്ങിയ പുതുതലമുറയോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു. മികച്ച നടനായും വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടു. എസ്.പി. ബി പാടി അഭിനയിച്ച ‘കേളടി കണ്‍മണി’ എന്ന ചിത്രത്തിലെ ‘മണ്ണില്‍ ഇന്ത കാതല്‍’ തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളിലൊന്നാണ്. രജനീകാന്ത്, കമല്‍ ഹാസന്‍, ജെമിനി ഗണേശന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ സര്‍ജ, രഘുവരന്‍ തുടങ്ങിയ നിരവധി നായകര്‍ക്ക് എസ്.പി.ബി ശബ്ദമേകിയിരുന്നു.
മനുഷ്യത്വമുള്ള വ്യക്തിത്വമായിരുന്നു എസ്.പി.ബി. സംഗീത ലോകത്ത് എന്നും മാന്യതയും അന്തസ്സും കാത്തുസൂക്ഷിച്ചു അദ്ദേഹം. മലയാളത്തില്‍ അദ്ദേഹം ആലപിച്ച ആദ്യ ഗാനം ‘ഈ കടലും മറു കടലും…’ (കടല്‍പ്പാലം 1969) നാല്‍പ്പത്തൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും ജനഹൃദയങ്ങള്‍ ഏറ്റുപാടുന്ന ഗാനമാണ്. വയലാര്‍ രചിച്ച ആ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ജി.ദേവരാജന്‍ ആയിരുന്നു. പ്രേംനസീറാണ് ഗാനരംഗത്തിലുള്ളത്.
അവസാനം അദ്ദേഹം മലയാളത്തില്‍ പാടിയത് എം.എ നിഷാദിന്റെ ‘കിണറി’ലാണ്. നാലു പതിറ്റാണ്ടിലധികം നീണ്ട സംഗീത സപര്യക്കിടെ 40,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരുന്നു, ഇന്ത്യന്‍ സര്‍ക്കാര്‍ പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച എസ്.പി.ബി.