ഉപയോഗിച്ച പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ

ഗഫൂര്‍ ബേക്കല്‍

ഷാര്‍ജ: ഉപയോഗം കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ. ഡിസ്ട്രിക്ട് വില്ലേജ് അഫയേഴ്‌സ് വകുപ്പും ഷാര്‍ജ ബീഅയും കൈ കോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്.

പഴയ പുസ്തകങ്ങളുടെ പുനരുപയോഗം പ്രചരിപ്പിക്കലും പ്രോത്സാഹിപ്പിക്കലുമാണ് ലക്ഷ്യം. ഇതിനായി എമിറേറ്റിന്റെ പ്രധാന ഭാഗങ്ങളില്‍ പുസ്തക പെട്ടികള്‍ സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ആവശ്യം കഴിഞ്ഞ പുസ്തകങ്ങള്‍ ഈ പെട്ടികളില്‍ നിക്ഷേപിക്കാം. മികച്ച പുസ്തക സംഭരണ ശേഷിയും മനോഹരമായ രൂപകല്പനയുമുള്ള പുസ്തക പെട്ടികള്‍ ഇതിനകം തന്നെ പൊതു ജനങ്ങള്‍ ഒത്തു കൂടുന്ന ഭാഗങ്ങളിലെല്ലാം സ്ഥാനം പിടിച്ചു കഴിഞ്ഞു.

നിക്ഷേപിക്കുന്ന പുസ്തകങ്ങള്‍ ആദ്യ ഘട്ടത്തില്‍ തരം തിരിക്കും. വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്നതും തീരെ ഉപയോഗ യോഗ്യമല്ലാത്തതുമായ പുസ്തകങ്ങളെ വേര്‍തിരിക്കും. ഉപയോഗ യോഗ്യമല്ലാത്ത പുസ്തകങ്ങള്‍ റീസൈക്‌ളിംഗ് പ്രക്രിയക്ക് വിധേയമാക്കും. സ്‌കൂള്‍ പുസ്തകങ്ങള്‍ മുതല്‍ ഏത് തരം ഉപയോഗം കഴിഞ്ഞ പുസ്തകങ്ങളും പുസ്തക പെട്ടിയില്‍ നിക്ഷേപിക്കാം.

2019ല്‍ ഷാര്‍ജയെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായി ആവിഷ്‌കരിച്ചതാണ് ഈ പദ്ധതി. ഷാര്‍ജയില്‍ 9 ജില്ലാ കൗണ്‍സിലുകളും പദ്ധതിയുടെ നടത്തിപ്പുമായി രംഗത്തിറങ്ങി. ഷാര്‍ജ സിറ്റി, മുവൈലിയ, മുഗൈദിര്‍, അല്‍വാസിത്, റഹ്മാനിയ്യ, ഖാലിദിയ്യ, ഖോര്‍ഫക്കാന്‍ നഗര ഭാഗമായ അല്‍ സുബൈഹിയ്യ, ഹയാവ, അല്‍ ദൈദ്, ബസ്താന്‍, ദിബ്ബ അല്‍ ഹിസ്ന്‍ തുടങ്ങിയ മേഖലകളിലെല്ലാം പുസ്തക ശേഖരണത്തിനായി പെട്ടികള്‍ സ്ഥാപിച്ചു.

പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്. താമസയിടങ്ങളില്‍ ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായിട്ട പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് വായനാവസരം ഒരുക്കുന്ന സംരംഭമായി കൂടി പദ്ധതി മാറി. പ്രധാനമായും, റെസിഡന്‍ഷ്യല്‍ ഏരിയകളിലാണ് പുസ്തക പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്. പാര്‍ക്കുകള്‍ പോലുള്ള കുടുംബങ്ങള്‍ ഒത്തു കൂടുന്ന കേന്ദ്രങ്ങളോട് ചേര്‍ന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് സമീപവും പുസ്തക ശേഖരണ പെട്ടികള്‍ കാണാം.