ഷാര്‍ജയില്‍ ഭക്ഷ്യ വില്‍പന ശാലകളില്‍ മിന്നല്‍ പരിശോധന: നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഷാര്‍ജ നഗരസഭാ ഭക്ഷ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഭക്ഷ്യ വില്‍പന ശാലകളില്‍ പരിശോധന നടത്തുന്നു

ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: ഭക്ഷ്യോല്‍പന്ന വില്‍പന ശാലകളില്‍ വ്യാപക പരിശോധന. ഷാര്‍ജ നഗരസഭാ ഭക്ഷ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. മലയാളി ഉടമസ്ഥതയിലുള്ള അനേകം കച്ചവട കേന്ദ്രങ്ങളും നടപടിക്കിരയായി.
പൊതുജനാരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഷാര്‍ജ നഗരസഭയുടെ മിന്നല്‍ പരിശോധനകള്‍. പല മേഖലകളിലും നിരന്തര പരിശോധനകളാണ് നടന്നു വരുന്നത്. നിയമ ലംഘനം പിടിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ താക്കീത്, പിഴ, അടച്ചുപൂട്ടല്‍ തുടങ്ങിയ കര്‍ശന നടപടികളും സ്വീകരിക്കുന്നു.
ഗ്രോസറി, സൂബര്‍ മാര്‍ക്കറ്റ്, കഫ്റ്റീരിയ, റെസ്റ്റോറന്റ്, ജ്യൂസ് സെന്റര്‍, ബേക്കറി, മാംസ-മത്സ്യ വില്‍പനയിടങ്ങള്‍, പഴം-പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നു. കഴിഞ്ഞ ആറു മാസത്തിനിടക്ക് 24,500 പരിശോധനകള്‍ ഷാര്‍ജ നഗരസഭയുടെ ഭക്ഷ്യ വിഭാഗം നടത്തി. ഒരേ ഷോപ്പില്‍ തന്നെ സ്ഥിരം റെയ്ഡ് നടന്ന സംഭവവവുമുണ്ട്.
ഷാര്‍ജ നഗരസഭയുടെ ഭക്ഷ്യ വിഭാഗത്തിന്റെ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തലാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഭക്ഷ്യോല്‍പന്നങ്ങളുടെ ഗുണനിലവാരവും കാലാവധിയും വില്‍പന സാധനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തെ ശുചിത്വം, സ്ഥാപനത്തിലെ വൃത്തിയും വെടിപ്പും തുടങ്ങിയവയും പരിശോനാ വിഷയങ്ങളാണ്. ഫ്രോസണ്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന റഫ്രിജറേറ്ററുകളുടെ ശേഷിക്കുറവും ഓഫ് ചെയ്തിട്ടതും പല സ്ഥാപനങ്ങളും നടപടിക്കിരയാവാന്‍ കാരണമായി.
ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രത്യേക പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ ജീവനക്കാര്‍ ജോലി സമയത്ത് മാസ്‌കും കയ്യുറകളും അണിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ്. ഇടപാടിനെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.