ദുബൈ: മാപ്പിള കലകളുടെ പ്രോത്സാഹനത്തിന് ദുബൈ കെഎംസിസി സര്‍ഗധാര ഏര്‍പ്പെടുത്തിയ മഹാകവി ടി. ഉബൈദ് സ്മാരക അവാര്‍ഡ് പ്രവാസ കവിയും സാമൂഹിക പ്രവര്‍ത്തനുമായ നസറുദ്ദീന്‍ മണ്ണാര്‍കാടിന് നല്കാന് തീരുമാനിച്ചു. കുഞ്ഞാലി മരക്കാര്‍ പടപ്പാട്ട്, വാരിയംകുന്നത്ത് സീറപ്പാട്ട് എന്നീ രചനകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന ഗായകര്‍ക്ക് വേണ്ടി പ്രശസ്തമായ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ മാപ്പിള കലകളുടെ ടീമുകള്‍ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ലേഖനങ്ങളും ചെറുകഥകളും എഴുതിയിട്ടുണ്ട്. ദുബൈ കെഎംസിസി സര്‍ഗോത്സവത്തില്‍ കലാപ്രതിഭ പട്ടം നേടിയിട്ടുള്ള നസ്റുദ്ദീന്‍ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഗാനരചന, പ്രബന്ധ രചന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ചേരിയത്ത് അബ്ദുല്‍ റഹ്മാന്-ലൈല ദമ്പതികളുടെ മകനായ നസ്റുദ്ദീന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊമേഴ്സ് ബിരുദവും ഐസിഎഫ്എഐ സര്‍വകലാശാലയില്‍ നിന്ന് ഫൈനാന്‍സ് മാനേജ്മെന്റിന്റെ മെറിറ്റ് സ്കോളര്‍ഷിപ്പോടെ എംബിഎ ബിരുദവും പൂര്‍ത്തിയാക്കി. ആയിഷ അസ്ഫിനയാണ് ഭാര്യ. ഹയ ഫാത്തിമ മകള്‍. ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രശസ്തമായ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ എത്നോമ്യൂസിക്കോളജിയുടെ ആര്‍ക്കൈവ്സിലേക്ക് സ്വീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന് ഏറ്റവും വലിയ രാജ്യാന്തര അംഗീകാരം കൂടിയാണിത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനത് മാപ്പിള കല സാഹിത്യ വേദിയുടെ സെക്രട്ടറിയാണ്. 2009ല്‍ യുഎഇയില്‍ പ്രവാസം ആരംഭിച്ച ഇദ്ദേഹം എട്ടു വര്‍ഷമായി ഷാര്‍ജയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാക്ടറി അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിക്കുന്നു. സാമൂഹിക-സാഹിത്യ-സാംസ്കാരിക-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യഹ്യ തളങ്കര, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ഡയസ് ഇടിക്കുള, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സര്‍ഗധാര ചെയര്മാന് അഷ്റഫ് കൊടുങ്ങല്ലൂരും ജന.കണ്‍വീനര്‍ നജീബ് തച്ചംപൊയിലും അറിയിച്ചു.