ദുബൈ: യുഎഇയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റെസ്‌റ്റോറന്റ് ഒക്ടോബര്‍ 1ന് തുറക്കുന്നു. ഉയരങ്ങളില്‍ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന റാസല്‍ഖൈമയിലെ ജബല്‍ജൈസിലാണ് ഉയരത്തിലുള്ള ഭക്ഷണകേന്ദ്രവും വിസ്മയമാകുന്നത്. ജൈസ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റിന് സമുദ്രനിരപ്പില്‍ നിന്ന് 1,484 മീറ്റര്‍ ഉയരത്തിലാണ്. ഇത് സൂചിപ്പിക്കുന്ന പേര് തന്നെയാണ് റെസ്റ്റോറന്റിന് നല്‍കിയിരിക്കുന്നത്.
ജൈസ് അഡ്വഞ്ചര്‍ സെന്ററിന് അടുത്തായി സ്ഥിതിചെയ്യുന്ന ഈ ഹോട്ടല്‍ ഇവിടെയെത്തുന്നവര്‍ക്ക് ഹജര്‍ പര്‍വതനിരകളുടെ കൊടുമുടികളുടെയും താഴ്‌വകളുടെയും മനോഹരമായ കാഴ്ചകള്‍ നല്‍കുന്നു. ജൈസ് അഡ്വഞ്ചര്‍ കൊടുമുടിയുടെ പര്‍വത അഭിമുഖമായി ഹോട്ടലിന്റെ തുറന്നിട്ട ജാലകങ്ങള്‍ ശാന്തമായ കാഴ്ചകള്‍ സമ്മാനിച്ച് നമ്മെ വിസ്മയിപ്പിക്കും. ആര്‍എസ്‌കെ ഹോസ്പിറ്റാലിറ്റി ഹോള്‍ഡിംഗ് സിഇഒ അലിസണ്‍ ഗ്രിനെല്‍ പറയുന്നു-റാസല്‍ഖൈമയിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് ജബല്‍ ജൈസ്, സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ ഉറപ്പുനല്‍കുന്ന നിരവധി ബക്കറ്റ്-ലിസ്റ്റ് സാഹസങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 1484 ബൈ പ്യൂറോ ജബലില്‍ തുറക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം ആസ്വദിക്കാനാകും. കൂടാതെ ഇവിടെ നിരവധി സാഹസിക വിനോദങ്ങളുടെ കേന്ദ്രം കൂടിയാണ്. ഹോട്ടലില്‍ 76 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ലോകാരോഗ്യ സംഘടനയും രോഗനിയന്ത്രണ കേന്ദ്രങ്ങളും പോലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സംഘടനകള്‍ ശുപാര്‍ശ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയും ശുചിത്വ നടപടികളും അനുസരിച്ച് പ്രവര്‍ത്തിക്കും, കൂടാതെ ഫെഡറല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യും.