നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി താജുക്ക ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു

7
താജുദ്ദീന്‍ എം.സി.എം

ദുബൈ: 40 വര്‍ഷത്തിലേറെ നീണ്ട പ്രവാസം മതിയാക്കി താജുക്ക എന്ന താജുദ്ദീന്‍ എം.സി.എം (65) ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു.
തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശിയായ താജുദ്ദീന്‍ 1975 സെപ്തംബര്‍ രണ്ടിനാണ് ദുംബ്ര കപ്പലില്‍ റാഷിദ് പോര്‍ട്ടില്‍ വന്നിറങ്ങിയത്. ആറു മാസത്തോളം ബന്ധുവിന്റെ കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് ദുബൈ നാഷണല്‍ എയര്‍ ട്രാവല്‍സില്‍ ചെക്കിംഗ് വിഭാഗത്തില്‍ ജോലിയില്‍ കയറി. അവിടെ നിന്നും സൂപര്‍വൈസറായി എമിറേറ്റ്‌സ് എയര്‍ലൈനിലേക്ക് ട്രാന്‍സ്ഫറായി. എമിറേറ്റ്‌സിലെ എയര്‍പോര്‍ട്ട് സര്‍വീസ് ഓഫീസറായാണ് വിരമിച്ചത്.
പുത്തന്‍ ജീവിതവും സുഹൃത്തുക്കളുമൊക്കെയാണ് പ്രവാസത്തിലെ വലിയ നേട്ടമായി താജുദ്ദീന്‍ കാണുന്നത്. അവധി ദിവസങ്ങളില്‍ ഏറെയും ചെലവിട്ടത് സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു. കുടുംബത്തോടൊപ്പം ദുബൈ അല്‍നഹ്ദയിലായിരുന്നു താമസം. 20 വര്‍ഷമായി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ തുടക്ക കാല അംഗവു, പൂരം സംഘടന, ആല്‍ഫ പാലിയേറ്റീവ് കെയര്‍, ചാമക്കാല സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രക്ഷാധികാരി (ഒസാക്‌സ്), ചാമക്കാല മഹല്ല് പ്രസിഡന്റ് എന്നിവയുമായിരുന്നു. ഭാര്യ: വാഹിദ താജുദ്ദീന്‍. മക്കള്‍: നിയാസ് താജുദ്ദീന്‍ (ഇത്തിഹാദ്), നജീദ് താജുദ്ദീന്‍ (എമിറേറ്റ്‌സ്), നെഹ്‌ല. മരുമക്കള്‍: അന്‍ജൂം നിയാസ്, സഹാന നജീദ്.