സുരക്ഷിതത്വത്തിന് ഭീഷണിയെന്ന് പരാതി; ഖാദിസിയ്യയിലെ ബാച്ചിലര്‍മാര്‍ താമസം മാറണമെന്ന് ഭരണാധികാരിയുടെ ഉത്തരവ്

മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍

ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നുവെന്ന പരാതി ലഭിച്ചയുടന്‍ അല്‍ ഖാദിസിയ്യ ഏരിയയിലെ ബാച്ചിലര്‍മാര്‍ താമസയിടം മാറണമെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തി.
ഡോ. ശൈഖ് സുല്‍ത്താന്റെ ലൈവ് ഓണ്‍ലൈന്‍ റേഡിയോ പരിപാടിയിലാണ് സ്വദേശി വനിത ഖാദിസിയ്യ ഏരിയിയിലെ ബാച്ചിലര്‍മാര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. തിങ്ങി നിറഞ്ഞ ഇവിടത്തെ താമസയിടങ്ങളിലുള്ളവര്‍ ഉയര്‍ത്തുന്ന ബഹളം ശല്യമായി മാറുന്നുവെന്നും സ്ത്രീ പരാതിയില്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ശൈഖ് സുല്‍ത്താന്‍ ഉത്തരവിടുകയായിരുന്നു. പ്രസ്തുത ഭാഗത്തെ മുഴുവന്‍ ബാച്ചിലര്‍മാരെയും മാറ്റി താമസിപ്പിക്കണമെന്നാണ് നിര്‍ദേശം. കുവൈത്തി ഹോസ്പിറ്റലിന് പിന്‍വശത്തും പരിസരങ്ങളിലുമായി ഖാദിസിയ്യ ഏരിയയില്‍ നൂറുകണക്കിന് ബാച്ചിലര്‍മാരാണ് താമസിച്ച് വരുന്നത്.
ഉത്തരവ് നടപ്പാക്കുന്ന നടപടിയും ആരംഭിച്ചു കഴിഞ്ഞു. ഖാദിസിയ്യയിലെ മുഴുവന്‍ ബാച്ചിലര്‍ റൂമുകളിലും ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി ഒഴിഞ്ഞു പോകണമെന്ന് അറിയിച്ച് നോട്ടീസ് നല്‍കി. നഗരസഭ, പൊലീസ്, സീവ സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ കഴിഞ്ഞുവന്ന നിരവധി റൂമുകളിലെ വൈദ്യുതി ബന്ധം ഇതിനകം വിച്ഛേദിക്കുകയും ചെയ്തു.
പഴയ കാലത്ത് സ്വദേശി കുടുംബങ്ങളുടെ താമസ കേന്ദ്രമായിരുന്നു ഖാദിസിയ്യ. സ്വദേശികള്‍ താമസം സൗകര്യപ്രദമായ മറ്റു മേഖലകളിലേക്ക് മാറിയതോടെ ഖാദിസിയ്യയിലെ പഴയ വീടുകള്‍ വിദേശികള്‍ക്ക് വാടകക്ക് നല്‍കി. ഒരോ വീടുകള്‍ക്കകത്ത്ും അനേകം മുറികളായി തിരിച്ച് പത്ത് വരെ പേര്‍ ഓരോ റൂമിലും താമസിച്ചു വരുന്നു. ഇത് ഈ ഏരിയയില്‍ ബാച്ചിലര്‍മാരുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ കാരണമായി.
പ്രധാനമായും പാക്കിസ്താന്‍, ബംഗ്‌ളാദേശ് പൗരന്മാരായ തൊഴിലാളികളാണ് അല്‍ഖാദിസിയ്യയിലെ ബാച്ചിലര്‍ താമസക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെ ചുരുക്കം ഇന്ത്യക്കാരും താമസക്കാരായുണ്ട്. പൊടുന്നനെയുണ്ടായ അധികൃതരുടെ നടപടി ബാച്ചിലര്‍മാരെ ആശങ്കയിലാക്കി. പലരും യോജിച്ച താമസ കേന്ദ്രത്തിനായുള്ള നെട്ടോട്ടത്തിലാണ്.