എല്‍കെജി മുതല്‍ ഒന്നിച്ചവര്‍ അന്ത്യവിശ്രമത്തിലും ഒന്നായി;ദമ്മാമില്‍ മരിച്ച മൂന്ന് മലയാളി യുവാക്കളുടെ മയ്യിത്തുകള്‍ ഖബറടക്കി

8

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഒന്നിച്ചു പഠിച്ചു വളര്‍ന്ന സമപ്രായക്കാരായ ആ സഹോദരങ്ങള്‍ മരണത്തിലും വഴിപിരിഞ്ഞില്ല. അന്ത്യ യാത്രയിലും ഒന്നിച്ച മൂന്ന് സഹപാഠികള്‍ അന്ത്യ വിശ്രമത്തിലും അടുത്തടുത്തായി ഒത്തുചേര്‍ന്നു. യാത്രാമൊഴി നേരാന്‍ മഖ്ബറയിലെത്തിയത് ദമ്മാം ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്ത ജനക്കൂട്ടം.

വ്യാഴാഴ്ച പുലര്‍ച്ചെ ദമ്മാമില്‍ കാറപടകത്തില്‍ മരിച്ച താനൂര്‍ കുന്നുംപുറം പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) എന്നിവരുടെ മയ്യിത്തുകളാണ് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചക്ക് രണ്ട്ു മണിയോടെ ദമ്മാം 91 മഖ്ബറയില്‍ ഖബറടക്കിയത്. ദേശീയ ദിന അവധിയായിട്ടും സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കം, ജാഫര്‍ കുണ്ടോട്ടി എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിച്ച ശേഷം  ഖബര്‍സ്താനില്‍ എത്തിച്ചു. ഖബറടക്ക ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കുടുംബത്തെ ആശ്വസിപ്പിക്കാനും ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനും കിഴക്കന്‍ പ്രവിശ്യാ കെഎംസിസി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സി.പി ശരീഫ്, മാമു നിസാര്‍, സിദ്ദീഖ് പാണ്ടികശാല  തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ രംഗത്തുണ്ടായിരുന്നു.

പ്രവാസ ലോകം നടുങ്ങിയ വാഹനാപകടത്തിലാണ്  മൂന്ന് ഉറ്റ സുഹൃത്തുക്കള്‍ വിട വാങ്ങിയത്. സഊദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനും ആഘോഷ കാഴ്ചകള്‍ കാണാനും ബുധനാഴ്ച രാത്രി 12 മണിയോടെ ജോലി ചെയ്യുന്ന കടയടച്ചാണ് ഷഫീക്കും അന്‍സിഫും പുറത്തിറങ്ങിയത്. ആത്മ മിത്രമായ സനദും സനദിന്റെ സുഹൃത്തായ മുബഷിറും ഒന്നിച്ചു ചേര്‍ന്ന് അല്‍ഖോബാര്‍ കോര്‍ണിഷിലെ ആഘോഷ പരിപാടികളില്‍ അല്‍പ നേരം പങ്കെടുത്ത് അന്നം നല്‍കിയ രാജ്യത്തിന് ആദരവേകി തിരിക്കുകയായിരുന്നു അവര്‍. മുബഷിറിനെ അല്‍ഖോബാറിലെ വീട്ടിലിറക്കി ദഹ്‌റാന്‍ ഹൈവേ വഴി ദമ്മാമിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ദഹ്‌റാന്‍ മാളിന് സമീപം സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അപകടം നടന്ന് അല്‍പ സമയത്തിനകം സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് കാറിനകത്ത് അകപ്പെട്ട മൂന്ന് യുവാക്കളെയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേക്കും മൂവരുടെയും ശരീരം ചലനമറ്റിരുന്നു. രാത്രിയിലെ ഈ ദാരുണ അപകടം ഉറ്റവര്‍ അറിയുന്നത് നേരം പുലര്‍ന്നതോടെ പൊലീസിന്റെ വിളിയെത്തിയപ്പോഴായിരുന്നു. സമയം വൈകിയപ്പോള്‍ മൂവരും ആരുടെയെങ്കിലും വീട്ടില്‍ കയറി ഉറങ്ങിയിട്ടുണ്ടാകുമെന്ന് കരുതി സമാധാനിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഇടിത്തീ പോലെയായിരുന്നു ആ വാര്‍ത്ത. അവിശ്വസനീയമായ ആ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ തളര്‍ന്നു പോയ മൂന്ന് പേരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് വാക്കുകളുണ്ടായിരുന്നില്ല. ആറ്റുനോറ്റ് വളര്‍ത്തി വലുതാക്കിയ മക്കളുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ ദമ്മാം സെന്‍ട്രല്‍ ആസ്പത്രിയിലേക്ക് ഓടിയെത്തിയ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനും കരുത്ത് പകരാനും സാധിക്കാതെ ഒത്തുചേര്‍ന്നവരും വിങ്ങിപ്പൊട്ടി. മൂവരുടെയും വീട്ടിലേക്ക് കൂട്ടമായെത്തിയ പ്രവാസി സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ഉറ്റവരുടെ ദീനവിലാപങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി നിന്നു. ദേശീയ ദിനാഘോഷത്തിനിടയിലെ ദുരന്തം സ്വദേശികള്‍ക്കിടയിലും താങ്ങാനാവാത്ത ദുഃഖ വാര്‍ത്തയായി.  മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള അപകട മരണം അടുത്ത കാലത്തൊന്നും സഊദിയിലുണ്ടായിട്ടില്ല.

ആത്മ മിത്രങ്ങളായ മൂന്നു പേരും ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. എല്‍കെജി മുതല്‍ പ്‌ളസ് ടു വരെ ഒന്നിച്ച് പഠിച്ചവരാണ്. പ്‌ളസ് ടു പഠനം കഴിഞ്ഞ് മൂവരും പിതാക്കന്മാരോടൊപ്പം ജോലിയില്‍ വ്യാപൃതരായിരുന്നു. അന്‍സിഫും ഷഫീഖും ജോലിയിലേക്ക് മാറിയപ്പോള്‍ സനദ് തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. ബഹ്‌റൈനിലെ ക്‌ളാസ് കഴിഞ്ഞെത്തിയാല്‍ പിതാവിന്റെ ബിസിനസില്‍ സഹായിയായിരുന്ന സനദ് ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു. അന്‍സിഫിന്റെ പിതാവിന്റെ അല്‍ഖോബാറിലെ സ്ഥാപനത്തില്‍ തന്നെയായിരുന്നു ഷഫീഖ് ജോലി ചെയ്തിരുന്നത്. ഷഫീഖിന്റെ സഹോദരന്‍ മുഹമ്മദ് സാലിഹ് ഇതേ സ്ഥാപനത്തിലുണ്ട്.

മുഹമ്മദ് ഷഫീഖിന്റെ പിതാവ് സൈദലവി ഹാജി ദമ്മാമിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ്. എസ്‌കെഐസിയുടെ സ്ഥാപക നേതാക്കളിലൊരാളും കെഎംസിസിയുടെ മുതിര്‍ന്ന  നേതാക്കളില്‍ ഒരാളുമാണ്. സഹോദരന്‍ മുഹമ്മദ് സാലിഹ് ദമ്മാമിലുണ്ട്. ഫാത്തിമയാണ് മാതാവ്. ഫാത്തിമ സെഫിന, ഫാത്തിമ സഹറ, ഫാത്തിമ സഫീന, ഫാത്തിമ ഷറഫിയ, ഖദീജ സഹല, ഫാത്തിമ ഫൗസിയ സഹോദരിമാരാണ്. പിതാവും സഹോദരനും ഒഴികെ ഉമ്മയും സഹോദരിമാരും നാട്ടിലാണ്.

വയനാട് കുഞ്ഞോം ചക്കര വീട്ടില്‍ അബൂബക്കര്‍-സലീന ദമ്പതികളുടെ മകനാണ് അന്‍സിഫ്. കുടുംബം ദമ്മാമിലുണ്ട്. ആഷിഖ്, മുഹമ്മദ്, അന്‍സീന, ഫാത്തിമ സഹോദരങ്ങളാണ്. ദമ്മാമിലെ സൂപര്‍ മാര്‍ക്കറ്റ് മൊത്ത വ്യാപാര വിപണന മേഖലയിലെ പ്രമുഖനാണ് പിതാവ് അബൂബക്കര്‍. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകനാണ് മുഹമ്മദ് സനദ്. കുടുംബം ദമ്മാമിലുണ്ട് .സബിതയാണ് മാതാവ്. ഇസാന്‍ സഹോദരനാണ്. ഏക സഹോദരി ആബിദ തര്‍ഫി (സോണി) നാട്ടിലാണുള്ളത്.

ദേശീയ ദിന അവധിയിലായിരുന്ന സഊദിയിലെ പ്രവാസി സമൂഹം  ഞെട്ടലോടെയാണ് മൂന്ന് യുവാക്കളുടെ ദാരുണമായ അപകട വാര്‍ത്തയറിഞ്ഞത്.  മൂവരുടെയും അപ്രതീക്ഷിത വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. എസ്‌കെഐസി ദമ്മാം കമ്മിറ്റിയും വിവിധ സാംസ്‌കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരും മാനേജ്‌മെന്റും അനുശോചിച്ചു.

——————