യുഎഇ പ്രവേശന പെര്‍മിറ്റ് പുനരാരംഭിച്ചു- തൊഴില്‍ പെര്‍മിറ്റുകള്‍ വൈകും

    8

    ദുബൈ: ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് രാജ്യത്തേക്ക് പ്രവേശന പെര്‍മിറ്റ് നല്‍കുന്നത് പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കകയാണ്. രാജ്യത്തിന്റെ ടൂറിസം മേഖലയുടെയും സമ്പദ്വ്യവസ്ഥയുടെയും വീണ്ടെടുക്കല്‍ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം പുനരാരംഭിക്കുന്നത്. കോവിഡ്-19 വ്യാപനം കുറക്കുന്നതിന് യാത്രാ മേഖലയില്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ തുടര്‍ന്നാണ് തീരുമാനം എന്ന് അതോറിറ്റി വ്യക്തമാക്കി. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവരുടെ ഒഴികെ മാര്‍ച്ച് മാസം മുതല്‍ വിസ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. ലേബര്‍ വിസ ഒഴികെയുള്ള കുടുംബവിസകള്‍ അടക്കമുള്ള മറ്റു വിസകള്‍ക്കുള്ള അനുമതി നല്‍കിയെന്നാണ് അറിയുന്നത്. അതേസമയം ദുബൈയില്‍ നേരത്തെ തന്നെ ഇത്തരം പെര്‍മിറ്റുകള്‍ നല്‍കിതുടങ്ങിയിരുന്നു. ഇനി മുതല്‍ മറ്റു എമിറേറ്റുകളിലും ഇത്തരം പെര്‍മിറ്റുകള്‍ നല്‍കിതുടങ്ങും. ഷാര്‍ജയിലേക്ക് പ്രവേശിക്കുന്നതിന് മറ്റു പെര്‍മിറ്റുകളൊന്നും ആവശ്യമില്ലെന്ന് കഴിഞ്ഞദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.