
ദുബൈ: 1971ല്‍ യുഎഇ ഐക്യ രാഷ്ട്ര സഭയില്‍ ചേര്‍ന്നത് മുതല്‍ ആഗോള സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവക്കായി ബഹുരാഷ്ട്ര വാദത്തിന്റെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ഐക്യ രാഷ്ട്ര സഭയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ലാന സക്കി നുസീബ പറഞ്ഞു.
‘ഐക്യ രാഷ്ട്ര സഭയില്‍ യുഎഇയുടെ ആഗോള പങ്ക്’ എന്ന ശീര്‍ഷകത്തില്‍ എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഇസിഎസ്എസ്ആര്‍) സംഘടിപ്പിച്ച പ്രഭാഷണത്തിനിടെയാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. ഇസിഎസ്എസ്ആറിന്റെ യൂ ട്യൂബ് ചാനലിലും ട്വിറ്റര്‍ പേജിലും ഈ പ്രഭാഷണം പ്രക്ഷേപണം ചെയ്തു.
സംഘര്‍ഷങ്ങളില്‍ അയവ് വരുത്തുക, ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കുക, പ്രദേശത്ത് വന്‍ നാശത്തിന്റെ ആയുധങ്ങളില്ലെന്ന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുക എന്നിങ്ങനെ മിഡില്‍ ഈസ്റ്റില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പു വരുത്താനായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ യുഎഇ കാര്യമായ മുന്നേറ്റം നടത്തിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മനുഷ്യ സൗഹൃദ രേഖയി(ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഡോക്യുമെന്റ്)ല്‍ ഒപ്പു വെച്ചതിലൂടെ യുഎഇ സഹിഷ്ണുത, സഹവര്‍ത്തിത്വം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നുസീബ കൂട്ടിച്ചേര്‍ത്തു.
കോവിഡ് 19 മഹാമാരിയെ നേരിടുന്നതില്‍ യുഎഇയുടെ പങ്ക് ചര്‍ച്ച ചെയ്ത് ആരോഗ്യ നയതന്ത്രം യുഎഇ വിദേശ നയത്തിന്റെ പ്രധാന പ്രവര്‍ത്തനമായി മാറിയിരിക്കുന്നുവെന്ന് അവര്‍ സൂചിപ്പിച്ചു. കാരണം, പകര്‍ച്ചവ്യാധിയെ നേരിടാന്‍ രാജ്യം കാര്യമായ വൈദ്യ സഹായം നല്‍കിയിട്ടുണ്ട്.
യുഎന്‍ ലോജിസ്റ്റിക്‌സിന്റെ പ്രധാന കേന്ദ്രമായ ദുബൈയിലെ ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി വഴി യുഎഇ ലോകാരോഗ്യ സംഘടനയുമായും ലോക ഭക്ഷ്യ പരിപാടിയുമായും സഹകരിച്ച് ടെസ്റ്റിംഗ് കിറ്റുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, പിപിഇ, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു.
അടുത്തിടെ നടന്ന ഇമാറാത്തി വനിതാ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍, ഇമാറാത്തി വനിതാ ശാക്തീകരണ മേഖലയില്‍ യുഎഇ കൈവരിച്ച പുരോഗതി നുസീബ എടുത്തു പറഞ്ഞു. പല രാജ്യങ്ങളും ഇപ്പോഴും രാഷ്ട്രീയത്തിലും സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുമ്പോള്‍ പ്രാദേശികമായും ആഗോളീയമായും ലിംഗ സമത്വത്തിന് മാതൃകയായി ഇമാറാത്തി സ്ത്രീകള്‍ മാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
യുഎന്‍ രക്ഷാസമിതിയില്‍ ഒരു സീറ്റിനായി യുഎഇയെ അടുത്തിടെ ഏഷ്യാ-പസഫിക് ഗ്രൂപ്പും അറബ് ലീഗും അംഗീകരിച്ചിട്ടുണ്ടെന്ന് ലാന നുസീബ വിശദീകരിച്ചു. ഇത് യുഎഇക്ക് സമാധാനവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളിലും മിഡില്‍ ഈസ്റ്റ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കൗണ്‍സിലിന്റെ അജണ്ടയിലെ മറ്റ് ഇനങ്ങളിലും ശക്തമായ ശബ്ദം നല്‍കുമെന്ന് അവര്‍ ഉയര്‍ത്തിക്കാട്ടി.