കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ യുഎഇ കെഎംസിസി അനുശോചിച്ചു

ഷാര്‍ജ: കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹിന്റെ നിര്യാണത്തില്‍ യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി അനുശോചിച്ചു. അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയരായ ഭരണാധികാരികളിലൊരാളായിരുന്ന ശൈഖ് സബാഹ്, ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം സുദൃഢമാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇ.അഹമ്മദ് അടക്കമുള്ള ഇന്ത്യന്‍ നേതാക്കളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. 10 ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തിന് അഭയം നല്‍കുന്ന കുവൈത്തിനെ 14 വര്‍ഷം മികച്ച നിലയില്‍ ഭരിച്ച കാരുണ്യവാനും ഉത്കൃഷ്ട സ്വഭാവങ്ങള്‍ക്കുടമയുമായ ഉത്തമ ഭരണാധികാരിയെയാണ് നഷ്ടമായതെന്നും നിര്യാണത്തില്‍ അനുശോചനവും ദു:ഖവും രേഖപ്പെടുത്തുന്നുവെന്നും യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, മറ്റു ഭാരവാഹികളായ അഷ്‌റഫ് പള്ളിക്കണ്ടം, എം.പി.എം റഷീദ്, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി എന്നിവര്‍ പറഞ്ഞു. പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹിനെ നേതാക്കള്‍ അഭിനന്ദിച്ചു.