യുഎഇ ബഹിരാകാശ യാത്രികര്‍ക്ക് നാസയുടെ പരിശീലനം

    ബഹിരാകാശ നടത്തമടക്കം നിരവധി പദ്ധതികള്‍

    ദുബൈ: യുഎഇ ബഹിരാകാശ യാത്രികരായ ഹസ്സ അല്‍മന്‍സൂരിക്കും ഡോ.സുല്‍ത്താന്‍ അല്‍നയാദിക്കും നാസയില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നു. യുഎഇയും യുഎസ് ബഹിരാകാശ ഏജന്‍സിയും തമ്മില്‍ ഒപ്പുവച്ച പുതിയ കരാറിന്റെ ഭാഗമായാണ് ഈ വര്‍ഷം ഹ്യൂസ്റ്റണിലെ നാസയുടെ ബഹിരാകാശ പരിശീലന കേന്ദ്രത്തില്‍ ഇമാറാത്തി ബഹിരാകാശയാത്രികര്‍ക്ക് പരിശീലനം ലഭിക്കുന്നത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യത്തെ ഇമാറാത്തി ഹസ്സയും റിസര്‍വ് ബഹിരാകാശയാത്രികനുമായ അല്‍ നയാദിയും തിങ്കളാഴ്ച ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലെത്തി പരിശീലനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് യുഎഇ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ലാന്‍ഡ്മാര്‍ക്ക് യാത്രയുടെ ഒന്നാം വാര്‍ഷികത്തിന് നാല് ദിവസം മുമ്പാണ് ഈ വിവരം പുറത്തറിയുന്നത്. ബഹിരാകാശ നടത്തം, ദീര്‍ഘകാല സ്റ്റേഷന്‍ ദൗത്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യുഎഇ ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി നാസയുമായി കരാര്‍ ഉണ്ടാക്കിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഭാവി ദൗത്യങ്ങള്‍ക്കായി ഞങ്ങളുടെ യുവാക്കളെയും ബഹിരാകാശയാത്രികരെയും പ്രോഗ്രാം പരിശീലിപ്പിക്കും-യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ട്വീറ്റ് ചെയ്തു. പരിശീലനം പൂര്‍ത്തിയാകാന്‍ രണ്ടര വര്‍ഷമെടുക്കും. അടുത്ത വര്‍ഷം യുഎഇയുടെ ബഹിരാകാശ പദ്ധതിയില്‍ ചേരുന്ന രണ്ട് പുതിയ ബഹിരാകാശയാത്രികരും ഉള്‍പ്പെടും. നാസയും മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രവും തമ്മിലുള്ള പുതിയ കരാര്‍ പങ്കാളിത്ത അവസരങ്ങള്‍ തുറക്കുന്നുവെന്ന് ബഹിരാകാശയാത്രിക പ്രോഗ്രാം മേധാവി സാലം അല്‍ മര്‍റി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയ സംവിധാന പരിശീലനം ഏറ്റവും സവിശേഷമായ പരിശീലന മൊഡ്യൂളുകളില്‍ ഒന്നാണ്, ഞങ്ങളുടെ ബഹിരാകാശയാത്രികര്‍ക്ക് അതില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളില്‍ യുഎസുമായി കൂടുതല്‍ സഹകരണത്തിനായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുകയും ആഗോള ബഹിരാകാശ മേഖലയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യും. കരാര്‍ പ്രകാരം ബഹിരാകാശയാത്രികര്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിവിധ മേഖലകളില്‍ പരിശീലനം ലഭിക്കും, പ്രധാന സംവിധാനങ്ങള്‍, റോബോട്ടിക്‌സ്, ബഹിരാകാശ നടത്തം, നേതൃത്വ പരിശീലനം എന്നിവയുള്‍പ്പെടും. ഈ പങ്കാളിത്തം യുഎഇയുടെ ആര്‍ടെമിസ് പ്രോഗ്രാം ഉള്‍പ്പെടെ ഭാവിയിലെ നാസ ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.