യുഎഇയില്‍ 1,083 പുതിയ കോവിഡ് 19 കേസുകള്‍, ഒരു മരണം

ദുബൈ: യുഎഇയില്‍ ഇന്നലെ 1,083 പുതിയ കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ, രാജ്യത്ത് ആകെ 87,530 കോവിഡ് കേസുകളായി. ഏതാനും ദിവസങ്ങളായി യുഎഇയിലെ സ്വദേശീ-വിദേശീ പൗരന്മാര്‍ക്കിടയില്‍ 103,199 അധിക ടെസ്റ്റുകള്‍ നടത്തിയിരുന്നു. നിലവില്‍ പോസിറ്റീവായവര്‍ക്ക് ആവശ്യമായ ആരോഗ്യ-പരിചരണം നല്‍കി വരുന്നതായും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, കേസുകള്‍ ഉയര്‍ന്നാണുള്ളതെങ്കിലും, രോഗവിമുക്തി നേടുന്നവരുടെ എണ്ണവും ഉയര്‍ന്ന് തന്നെയാണുള്ളത്. 970 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായി. ഇതോടെ, ആകെ രോഗമുക്തരുടെ എണ്ണം 76,995 ആയി. യുഎഇയില്‍ ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 406 ആയിരിക്കുന്നു.