യുഎഇയുടെ ഭാവി പദ്ധതി രൂപപ്പെടുത്താന്‍ പൊതുപങ്കാളിത്തം തേടി ശൈഖ് മുഹമ്മദ്

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം

    ദുബൈ: രാജ്യത്തിന്റെ അടുത്ത അഞ്ച് പതിറ്റാണ്ടിലേക്കുള്ള പ്രയാണത്തില്‍ ഭാവി രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ പൊതുസമൂഹത്തിന്റെ പിന്തുണ തേടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. ഇമാറാത്തിന്റെ അടുത്ത അമ്പത് വര്‍ഷത്തിന്റെ വികസനമെന്ന ദേശീയ തന്ത്രത്തെ പിന്തുണക്കാനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും ശൈഖ് മുഹമ്മദ് ക്ഷണിച്ചു. ഇതിനായി ഒരു വൈബ്‌സൈറ്റ് തുടങ്ങും. അതില്‍ പൗരന്മാരുടെയും താമസക്കാരുടെയും ചിന്തകളും നിര്‍ദേശങ്ങളും പങ്കുവെക്കാം.
    ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, ടൂറിസം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ ഓരോരുത്തരുടെയും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കും. ഇന്ന് നാം കാണുന്ന രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ദൗത്യം അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇ സ്ഥാപകര്‍ ആരംഭിച്ചുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ”അവര്‍ മരുഭൂമിയില്‍ നിന്ന് ആരംഭിച്ചത് ബഹിരാകാശത്ത് എത്തിച്ചേരുമെന്ന അഭിലാഷങ്ങളോടെയാണ്. കുറച്ച് വിഭവങ്ങളുമായി വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ അവര്‍ ആളുകളുടെ ആശയങ്ങള്‍ ശേഖരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അവരുടെ ദൗത്യം ചരിത്രം സൃഷ്ടിക്കുകയും ആധുനിക സമൂഹങ്ങളുടെ ആശയം പങ്കുവെക്കുകയും ചെയ്തു. ഇന്ന് ഞങ്ങള്‍ യുഎഇ സ്ഥാപകരുടെ ദൗത്യം സാക്ഷാത്കരിക്കുന്നു. യുഎഇയുടെ ശതാബ്ദിയിലേക്ക് നയിക്കുന്ന അടുത്ത 50 വര്‍ഷത്തിനുള്ള തയ്യാറെടുപ്പിനുള്ള ഞങ്ങളുടെ ദൗത്യം ഇവിടെ ആരംഭിക്കുകയാണ്. ഭാവിയിലെ യുഎഇയെ അടുത്ത തലമുറകള്‍ക്കായി രൂപകല്‍പ്പന ചെയ്യുകയാണ്. ഞങ്ങളുടെ സ്ഥാപകര്‍ ചെയ്തതുപോലെ ഈ ദൗത്യത്തില്‍ നമ്മുടെ ആളുകളെ ഉള്‍പ്പെടുത്തുക എന്നതാണ് ഞങ്ങളുടെ കടമ. യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഞങ്ങളോടൊപ്പം ചേരാന്‍ ഞങ്ങള്‍ പൗരന്മാരെയും താമസക്കാരെയും ക്ഷണിക്കുന്നു-ശൈഖ് മുഹമ്മദ് പറഞ്ഞു. മന്ത്രിമാര്‍ പൊതുജനങ്ങളുടെ പ്രതിനിധികളെ സന്ദര്‍ശിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കും.
    പൊതുജനങ്ങളുമായും സ്വകാര്യ കമ്പനികളുമായും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഈ പദ്ധതി സഹായിക്കും. ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള 50 വര്‍ഷത്തെ വികസന പദ്ധതി സമിതി ഇതിന്റെ മേല്‍നോട്ടം വഹിക്കും.