ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

    എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നു

    ദുബൈ: എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് മുന്‍നിര പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നേരില്‍ കണ്ട് വിലയിരുത്തുന്നതിന് ഖലീഫ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ശൈഖ് ഖാലിദ്. പദ്ധതിക്ക് പിന്തുണ നല്‍കിയും കോവിഡ് മുന്‍നിര പോരാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെയും ഭാഗമായാണ് ശൈഖ് ഖാലിദ് വാക്‌സിന്‍ സ്വീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ ഭരണനേതൃത്വം ഇവര്‍ക്കൊപ്പമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെയും സൂചകമാണിതെന്ന് അബുദാബി സര്‍ക്കാര്‍ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുടെ വാക്‌സിന്‍ പരീക്ഷണം ലോക ശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. ചൈനീസ് കമ്പനിയുടെ സഹായത്തോടെ വികസിപിച്ച വാക്‌സിന്‍ യുഎഇയില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ലോകത്തിലെ 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 വളണ്ടിയര്‍മാര്‍ വാക്‌സിന്‍ സ്വീകരിക്കാനായി മുന്നോട്ടു വന്നിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്. യുഎഇ ആരോഗ്യ മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചുകൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്.