വനിതാ സമാധാന സുരക്ഷാ സംരംഭത്തിന് നവീന രൂപവും ഭാവവും

    ദുബൈ: സൈനിക, സമാധാന പരിപാലന മേഖലകളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നതിന് യുഎഇയില്‍ ആരംഭിച്ച വനിതാ സമാധാന സുരക്ഷാ പരിശീലന പരിപാടിക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നു. ഈ പദ്ധതി ഇനി മുതല്‍ ശൈഖ ഫാത്തിമ ബിന്ത് മുബാറക് വനിതാ സമാധാന സുരക്ഷാ സംരംഭം എന്ന പേരിലായിരിക്കും അറിയപ്പെടുക. വനിതാ സമാധാന സുരക്ഷാ പരിശീലന പരിപാടി ശൈഖ ഫാത്തിമ ബിന്ത് മുബാറക് വനിതാ സമാധാന സുരക്ഷാ സംരംഭം എന്ന് പുനര്‍നാമകരണം ചെയ്തതായി യുഎഇ ജനറല്‍ വിമന്‍സ് യൂണിയന്‍ അറിയിച്ചു. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇത് സൈനിക, സമാധാന പരിപാലന മേഖലകളില്‍ ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു. യുഎഇ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ പദ്ധതി അബുദാബിയിലെ ഖവ്ല ബിന്ത് അല്‍ അസ്വര്‍ മിലിട്ടറി സ്‌കൂള്‍ ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്സണ്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ രക്ഷാകര്‍തൃത്വത്തില്‍ 2018 സെപ്റ്റംബറിലാണ് ഇത് സ്ഥാപിച്ചത്. സൈനിക, സമാധാന പരിപാലന മേഖലകളിലെ സ്ത്രീകളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് യുഎഇ പ്രതിരോധ മന്ത്രാലയവും ജനറല്‍ വിമന്‍സ് യൂണിയനും ഇതിന് നേതൃത്വം നല്‍കുന്നു. ഈ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ വിമന്‍ വിഭാഗത്തിന്‍രെ പിന്തുണയുമുണ്ട്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ 73-ാമത് ഐക്യരാഷ്ട്ര പൊതുസഭയില്‍ യുഎഇയുടെ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്നതിനായി ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സുരക്ഷാ സുരക്ഷയ്ക്കും സമാധാനത്തിനും യുഎഇ നല്‍കുന്ന അചഞ്ചലമായ പിന്തുണ അറിയിച്ച് ശൈഖ് അബ്ദുല്ല ഈ പരിപാടിയുടെ പേര് ‘ശൈഖ ഫാത്തിമ ബിന്റ് മുബാറക് വനിതാ സമാധാന സുരക്ഷാ സംരംഭം’ എന്ന് പുനര്‍നാമകരണം ചെയ്തു. ചടങ്ങില്‍ സംസാരിച്ച ജനറല്‍ വിമന്‍സ് യൂണിയന്‍ ഡയറക്ടര്‍ ജനറല്‍ നൗറ അല്‍ സുവൈദി പറഞ്ഞു-ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ പേര് നല്‍കുന്നത് ഈ പയനിയര്‍ പദ്ധതിക്ക് വളരെയധികം അഭിമാനകരമാണ്. പ്രോഗ്രാം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച വിജയം നേടുകയും യുഎന്‍ വിമനിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇത് സ്ത്രീകളുടെ ശാക്തീകരണത്തോടുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ തെളിവാണ്. യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലും യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫുംസിലെ മ്ലാംബോ-എന്‍ഗുക ഈ പദ്ധതിയെ പ്രകീര്‍ത്തിച്ചു.