ആഗോള സൂചികയില്‍ യുഎഇ ഒന്നാം സ്ഥാനത്ത്

    അബുദാബിയിലെ ഖസ്ര്‍ അല്‍ വത്താനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അധ്യക്ഷത വഹിക്കുന്നു

    മുന്നേറ്റം ഏക മാര്‍ഗം…പിന്‍വാങ്ങല്‍ ഓപ്ഷനില്ല

    ദുബൈ: 121 ലധികം ആഗോള സൂചികകളിലും 479 പ്രാദേശിക സൂചികകളിലും യുഎഇ ഒന്നാം സ്ഥാനത്താണെന്ന് ദുബൈ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 2020 വര്‍ഷത്തില്‍ മാത്രം 79 അന്താരാഷ്ട്ര സൂചകങ്ങളില്‍ യുഎഇ മുന്‍പിലെത്തിയതായി അബുദാബിയിലെ ഖസ്ര്‍ അല്‍ വത്താനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ശൈഖ് മുഹമ്മദ് വെളിപ്പെടുത്തി. മുന്നൂറിലധികം ആഗോള സൂചികകളില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം മത്സരമുള്ള 10 രാജ്യങ്ങളില്‍ യുഎഇ ഉള്‍പ്പെടുന്നു. യുഎഇയിലും വിദേശത്തുമുള്ള എല്ലാവര്‍ക്കുമുള്ള രാജ്യത്തിന്റെ സന്ദേശം ഇതാണ്- യുഎഇക്ക് മികവ് പുലര്‍ത്തുകയും മുന്നേറുകയും ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്നതാണ്. പിന്‍വാങ്ങല്‍ ഒരിക്കലും ഒരു ഓപ്ഷനല്ല-ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാ മേഖലകളിലും മത്സരാധിഷ്ഠിത റാങ്കിംഗ് ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പ്രകടനം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെച്ചപ്പെട്ട ജീവിതനിലവാരം നല്‍കുന്നതിനും രാജ്യം സ്വീകരിച്ച വികസന തന്ത്രങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നതിന്റെ തെളിവാണ്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ആഗോള മത്സര സൂചകങ്ങളില്‍ യുഎഇയുടെ പ്രകടനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് യോഗം അവലോകനം ചെയ്തു.
    മത്സരം ഒരു ലക്ഷ്യമല്ല, മറിച്ച് എല്ലാ മേഖലകളിലെയും പ്രകടനവും കഴിവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും അങ്ങനെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പാക്കാമെന്നും യോഗത്തില്‍ ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. സര്‍ക്കാര്‍ ജോലികള്‍ക്കുള്ളില്‍ സുസ്ഥിരമായ മത്സരാത്മകത കൈവരിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമായ പദ്ധതികളും നയങ്ങളും വികസിപ്പിക്കാന്‍ കഴിയും. ഫെഡറല്‍ കോമ്പറ്റിറ്റീവ്നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ 121 സൂചകങ്ങളില്‍ യുഎഇ ആഗോളതലത്തിലും 479 സൂചികകളില്‍ അറബ് ലോകത്തും ഒന്നാം സ്ഥാനത്തും 314 സൂചകങ്ങളില്‍ മികച്ച പത്ത് രാജ്യങ്ങളില്‍ ഒന്നുമാണ്. അടുത്തിടെ നടന്ന മന്ത്രിസഭാ രൂപീകരണത്തില്‍ സാമ്പത്തിക മന്ത്രാലയം, സാംസ്‌കാരിക, യുവജന മന്ത്രാലയം, വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം, ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവക്കായി പുതിയ ഘടനകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, സ്വകാര്യ സ്‌കൂളുകള്‍ തമ്മിലുള്ള മത്സരം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ഫെഡറല്‍ നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ്, പാഠ്യപദ്ധതിയുടെ അംഗീകാരം, വിദ്യാര്‍ത്ഥികളുടെ സുരക്ഷ എന്നിവയും ഈ നിയമത്തില്‍ പറയുന്നു. ക്രിമിനല്‍ നിയമം, വാണിജ്യ ഇടപാടുകള്‍ നിയമം, സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് നിയമം, ഇന്‍ഷുറന്‍സ് നിയമം, ടെലികമ്മ്യൂണിക്കേഷന്‍ മേഖല നിയമത്തിന്റെ ഭേദഗതി എന്നീ നിയമങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഹ്യൂമന്‍ മെഡിസിന്‍ പ്രൊഫഷന്റെ പരിശീലനവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.