ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കാന്‍ യുഎഇയില്‍ സാറ്റലൈറ്റ്

യുഎഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദി

നിഷാദ്.പി
ഫുജൈറ: കോവിഡ് 19 സാഹചര്യങ്ങളെ തുടര്‍ന്ന് വിദൂര വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കാനും യുഎഇയില്‍ സാറ്റലൈറ്റ് ഓപറേഷന്‍സ് സെന്റര്‍. ഇന്റര്‍നെറ്റ് ശൃംഖലയുടെ ഏകോപനം, വേഗം, കാര്യക്ഷമത തുടങ്ങിയവക്കുള്ള ഉപഗ്രഹ നിയന്ത്രിത കേന്ദ്രത്തിന് വിദ്യാഭ്യാസ മന്ത്രാലയമാണ് തുടക്കം കുറിച്ചത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തിലേറെ കുട്ടികളെ കുറഞ്ഞ കാലത്തിനുള്ളില്‍ ഇതിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നും ഗ്‌ളോബല്‍ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ സമ്മിറ്റില്‍ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദി വ്യക്തമാക്കി. ആരോഗ്യ സംരക്ഷണം വിദ്യാഭ്യാസം, ടെലികമ്യൂണികേഷന്‍ മേഖലകളില്‍ വിപുലമായ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ കോവിഡ് മഹാമാരി കാരണമായെന്നും സേവന ദാതാക്കള്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളിലേക്ക് മാറിയെന്നും കഴിഞ്ഞ ദിവസം നടന്ന ഉച്ചകോടിയില്‍ പറഞ്ഞു.
വിദൂര വിദ്യാഭ്യാസ പദ്ധതി വ്യാപകമാക്കാനുള്ള നടപടികള്‍ക്ക് യുഎഇ 2012ല്‍ തുടക്കം കുറിച്ചിരുന്നു. 4ജി നെറ്റ്‌വര്‍കിലൂടെയുള്ള സ്മാര്‍ട് ക്‌ളാസ് ലക്ഷ്യമിട്ട് മുഹമ്മദ് ബിന്‍ റാഷിദ് സ്മാര്‍ട് ലേണിംഗ് ഇനീഷ്യേറ്റീവ് തുടങ്ങിയതും ഇതിനാണ്. ഇതിന് വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. രാജ്യാന്തര വിദ്യാഭ്യാസ മേഖലയാകെ ഈ ശൃംഖലയുടെ ഭാഗമാവുകയാണ്. ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ വര്‍ധിച്ചു. ക്‌ളാസ് പഠനത്തിന്റെ പരിമിതികള്‍ ഒഴിവാക്കാനും പുതിയ പാഠ്യപദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു.
വാര്‍ത്താ വിനിമയം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കോവിഡ് 19 സാഹചര്യങ്ങള്‍ വലിയ മാറ്റങ്ങളുണ്ടാക്കി. കൂടുതല്‍ സ്മാര്‍ട് പദ്ധതികള്‍ക്ക് രൂപം നല്‍കിയില്ലെങ്കില്‍ പുതിയ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനാവില്ലെന്നും അല്‍ഹമ്മാദി കൂട്ടിച്ചേര്‍ത്തു.