വന്ദേ ഭാരത് മിഷന്‍ ഏഴാം ഘട്ടം ഒക്‌ടോബര്‍ 1 മുതല്‍; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 270 വിമാനങ്ങള്‍

45

ജലീല്‍ പട്ടാമ്പി
ദുബൈ: ഒക്‌ടോബര്‍ 1 മുതലുള്ള വന്ദേ ഭാരത് മിഷന്‍ ഏഴാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 270 വിമാനങ്ങള്‍ പറക്കും. യുഎഇയില്‍ നിന്നും നാട്ടിലെത്തേണ്ട അത്യാവശ്യക്കാര്‍ക്ക് ഒക്‌ടോബര്‍ 25 വരെ തുടരുന്ന ഈ ഘട്ടം പ്രയോജനപ്പെടും.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സാണ് ഈ ഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും, ആവശ്യമെങ്കില്‍ മറ്റു ഇന്ത്യന്‍ വിമാന കമ്പനികളെയും അനുവദിക്കുന്നതാണ്. ദുബൈ, അബുദാബി, ഷാര്‍ജ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ് വിമാനങ്ങള്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുക. പുതിയ ചില വിമാനത്താവളങ്ങളെ കൂടി ഈ ഘട്ടത്തിലെ സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നതാണ്. നേരിട്ടുള്ള സര്‍വീസുകളിലുടെ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഈ ഘട്ടത്തിലെ സര്‍വീസിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പ്രത്യാശിച്ചു.
യുഎഇ കൂടാതെ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കും ഏഴാം ഘട്ട ദൗത്യത്തില്‍ നാട്ടിലെത്താനാകും. ഒമാനില്‍ മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും സര്‍വീസുകളുണ്ടാകും. സഊദിയില്‍ റിയാദ്, ദമ്മാം എയര്‍പോര്‍ട്ടുകളില്‍ നിന്നായിരിക്കും സര്‍വീസ്.
ഒക്‌ടോബര്‍ ഒന്നു മുതലുള്ള വന്ദേ ഭാരത് മിഷന്റെ തിരിച്ചുള്ള സര്‍വീസുകളില്‍ 24 ദിവസങ്ങള്‍ക്കിടെ 269 വിമാനങ്ങളാണ് സര്‍വീസിനുണ്ടാവുക.