റാസല്‍ഖൈമ: കോവിഡ് 19 വ്യാപനം തടയല്‍ ലക്ഷ്യമിട്ട് റാസല്‍ഖൈമയില്‍ ക്യാമ്പുകള്‍ നിരോധിച്ചു. റാക് ദുരന്ത നിവാരണ അഥോറിറ്റിയാണ് വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും ക്യാമ്പുകള്‍ നിരോധിക്കാന്‍ ശിപാര്‍ശ ചെയ്തത്. റാക് പൊലീസ് കമാന്‍ഡര്‍-ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
തണുപ്പു കാലത്ത് ജനങ്ങള്‍ താത്കാലിക ക്യാമ്പുകള്‍ സംഘടിപ്പിക്കുക പതിവുണ്ട്. എന്നാല്‍, കോവിഡ് കാലമായതു കൊണ്ടാണ് അധികൃതര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണിത്. വൈറസ് വ്യാപനമില്ലാതാക്കാന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നിയമ ലംഘനം നടത്തരുതെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്ദര് മുഹമ്മദ് അല്‍ സാഹി അഭ്യര്‍ത്ഥിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ റാസല്‍ഖൈമ മുനിസിപ്പാലിറ്റി അധികൃതരും പൊലീസും വന്യജീവി പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തും.