നാളെ ലോക ഹൃദയദിനം- ഹൃദയസ്തംഭനം മൂലം പ്രതിവര്‍ഷം മരിക്കുന്നത് 17.9 ദശലക്ഷം

    ദുബൈ: വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നാളെ സെപ്തംബര്‍ 30ന് ലോക ഹാര്‍ട്ട് ഡേ ആചരിക്കുകയാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് കൂടുതല്‍ കരുതല്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഓരോ ദിവസവും മാനസികപിരിമുറുക്കത്തില്‍ കഴിയുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ ഹൃദയസംബന്ധമായ രോഗങ്ങളും കൂടുതലാണ്. ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം ഗള്‍ഫ് നാടുകളില്‍ വര്‍ധിച്ചുവരികയാണ്. അതില്‍ പ്രായവ്യത്യാസം തീരെയില്ല. അടുത്തകാലത്ത് നാല്‍പത് വയസ്സിനുള്ളിലുള്ള യുവാക്കളിലാണ് കൂടുതലായും ഹൃദയരോഗങ്ങള്‍ കൂടുതലായി കാണുന്നത്. മാനസിക പിരിമുറക്കത്തിന് പുറമെ ജീവിതശൈലിയും ഹൃദ്രോഗത്തിന് വില്ലനായി മാറുന്നതായാണ് ഈ മേഖലയെ വിദഗ്ധര്‍ പറയുന്നത്. ലോകഹൃദയ ദിനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പ്രവാസികള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് ആദ്യം അനിവാര്യമായിട്ടുള്ളത് ആരോഗ്യകരമായ ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ ഹൃദയത്തെ സമ്മാനിക്കുന്നു. ആരോഗ്യകരമായ ഭക്ഷണമെന്നാല്‍ പ്രത്യേകിച്ച് കൊഴുപ്പ് കുറഞ്ഞതും ഉപ്പും പഞ്ചസാരയും കുറഞ്ഞതും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തണം. ആഴ്ചയില്‍ അഞ്ച് തവണയെങ്കിലും 20 മിനിറ്റ് നീന്തല്‍, എല്ലാ ദിവസവും 30 മിനിറ്റ് ശാരീരിക വ്യായാമങ്ങളും നടത്തവും ശീലിക്കണം. പുകയില ഉപേക്ഷിച്ച് സമ്മര്‍ദ്ദരഹിതമായ അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ആഗോള ആരോഗ്യ സര്‍ക്കാരിതര സംഘടനയായ ഡബ്ല്യുഎച്ച്എഫിന്റെ വെബ്സൈറ്റില്‍ കാണുന്നു-”കോവിഡ് -19 കാലഘട്ടത്തില്‍, നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കുന്നത് മുമ്പത്തേക്കാള്‍ പ്രധാനമാണ്.” ഹൃദയാരോഗ്യം ”മൗലിക മനുഷ്യാവകാശവും ആഗോള ആരോഗ്യ നീതിയുടെ നിര്‍ണായക ഘടകവുമാണെന്ന് ഡബ്ല്യുഎച്ച്എഫ് വിശ്വസിക്കുന്നു. ലോകത്ത് ഓരോ വര്‍ഷവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം 17.9 ദശലക്ഷം പേര്‍ മരിക്കുന്നതായി 2020 ലെ കണക്ക് വെളിപ്പെടുത്തുന്നു. 30 നും 70 നും ഇടയില്‍ പ്രായമുള്ള 10 പേരില്‍ ഒരാള്‍, മരണങ്ങളില്‍ 31 ശതമാനവും ഹൃദയസ്തംഭനം മൂലമാണ്. ഹൃദയം ആരോഗ്യവാനാണെങ്കില്‍ അത് കോവിഡ് -19 ല്‍ നിന്ന് ശക്തവും സുരക്ഷിതവുമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൃദയാരോഗ്യകരമായ ജീവിതത്തെക്കുറിച്ചുള്ള ബോധം എപ്പോഴും ഉണ്ടായിരിക്കണം. അതിജീവനത്തിന് ഏറ്റവും പ്രധാനമാണ് ഹൃദയം. സാഹചര്യങ്ങളോട് ഏറ്റവുമധികം പ്രതികരിക്കുന്ന അവയവമാണ്.
    ഇത് ഏറ്റവും സെന്‍സിറ്റീവും പ്രതികരിക്കുന്നതുമായ അവയവമാണ്. അതില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം.