200 കി.മീ വേഗത്തില്‍ കാര്‍ ഓടിച്ച യുവാവ് ഷാര്‍ജയില്‍ അറസ്റ്റില്‍

വേഗ പരിധി 80 കിലോമീറ്ററില്‍ കൂടിയാല്‍ 3000 ദിര്‍ഹം പിഴ, 23 ബ്‌ളാക്ക് പോയിന്റ്‌സ് ശിക്ഷ -പൊലീസ്

ഷാര്‍ജ: ഷാര്‍ജയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിച്ച യുവാവ് അറസ്റ്റില്‍. ഇയാള്‍ അമിത വേഗത്തില്‍ കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.
ഖോര്‍ഫക്കാന്‍ ഹൈവേയിലൂടെയാണ് അപകടകരമായ രീതിയില്‍ യുവാവ് വാഹനം ഓടിച്ചത്. വീഡിയോ വൈറലായതോടെ ഇത് പരിശോധിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിച്ചും വേഗം നിയന്ത്രിച്ചും വാഹനമോടിക്കണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷം ആദ്യ എട്ടു മാസം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതിന് പിടിയിലാകുന്ന 274-ാമത്തെ സംഭവമാണിത്. രണ്ടു ദിവസം മുന്‍പ് 278 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ റഡാറില്‍ കുടുങ്ങിയിരുന്നതായി ഷാര്‍ജ പൊലീസ് പറഞ്ഞു. വേഗ പരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴയും 23 ബ്‌ളാക്ക് പോയിന്റുകളും ശിക്ഷയായി നല്‍കുമെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് എഞ്ചിനീയറിംഗ് വിഭാഗം മേധാവി മേജര്‍ മിഷാല്‍ ബിന്‍ ഖാദിം പറഞ്ഞു. ഇത് കൂടാതെ, വാഹനം 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗപരിധി മറി കടക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്‌ളാക്ക് പോയിന്റുകളും വാഹനം 30 ദിവസം കണ്ടുകെട്ടലുമാണ് ശിക്ഷയായി നല്‍കുക.