കോവിഡ് നിബന്ധനകള്‍ ലംഘിച്ച 1,252 പേര്‍ക്ക് അബുദാബി പൊലീസ് പിഴ ചുമത്തി

നിയമം ലംഘിച്ച് പാര്‍ട്ടി നടത്തിയവര്‍ക്കെതിരെ അബുദാബി പൊലീസ് നടപടികള്‍ സ്വീകരിച്ചപ്പോള്‍

അബുദാബി: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ലംഘിച്ച 1,252 പേര്‍ക്കെതിരെ നടപടിയെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി അബുദാബി പൊലീസ് വെളഇപ്പെടുത്തി. കൊറോണ വ്യാപിക്കാതിരിക്കാന്‍ പുറപ്പെടുവിച്ച നിബന്ധനകള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍, ചിലര്‍ കൂട്ടു കൂടുകയും പാര്‍ട്ടികള്‍ നടത്തുകയും ചെയ്തതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അബുദാബി പൊലീസും വ്യാപകമായി നിരീക്ഷിക്കുകയും നിബന്ധനകള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു. യുഎഇ കാബിനറ്റ് ഉത്തരവ് 17/2000 അനുസരിച്ചാണ് പിഴ ചുമത്തുന്നത്.
ഇതനുസരിച്ച്, പാര്‍ട്ടികള്‍ സംഘടിപ്പിച്ചവര്‍ക്ക് 10,000 ദിര്‍ഹമാണ് പിഴ ചുമത്തിയത്. പങ്കെടുക്കാനെത്തിയവരില്‍ നിന്നും 5,000 ദിര്‍ഹം വീതവും പിഴ ഈടാക്കി. നിയമം ലംഘിച്ച് കൂട്ടം കൂടുകയോ പാര്‍ട്ടി സംഘടിപ്പിക്കുകയോ ചെയ്യുന്നവരെ കുറിച്ച് അറിയുന്നവര്‍ 800 2626 എന്ന ഫോണ്‍ നമ്പറിലോ 2828 വിലാസത്തില്‍ ടെക്സ്റ്റ് മെസ്സേജ് ആയോ വിവരം അറിയിക്കേണ്ടതാണ്.