ദുബൈ: ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരന് ഒരു പ്രയാസവും ഉണ്ടാവരുതെന്ന നിര്‍ബന്ധബുദ്ധി ദുബൈക്കുണ്ട്. ഇത് വെറും വാക്കല്ല. പ്രവൃത്തിയിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്, ഈ നാടും ഇവിടത്തെ ഉദ്യോഗസ്ഥരും.
കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ടില്‍ നടപടികള്‍ക്ക് കാലതാമസം നേരിട്ട 300 യാത്രക്കാരെ ജിഡിആര്‍എഫ്എഡി വാഹന സൗകര്യമൊരുക്കി അവരുടെ വീടുകളില്‍ സുരക്ഷിതമായി എത്തിച്ചു. ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ യാത്രാ അനുമതി വേണമെന്ന നിയമം ലംഘിച്ച് എത്തിയവരായിരുന്നു അവര്‍. നിയമം പാലിക്കപ്പെടാനുള്ളതാണ്. പ്രത്യേകിച്ചും, ഒരു രാജ്യത്തിന്റെ പ്രവേശന നിയമങ്ങള്‍. എന്നാല്‍, മനുഷ്യത്വപരമായ ഇടപെടലുകള്‍ നടത്തി അവരുടെ പ്രശ്നങ്ങള്‍ സിസ്റ്റത്തില്‍ പരിഹരിച്ചു കൊണ്ട് തന്നെ ദുബൈ എമിഗ്രേഷന്‍ അവര്‍ക്ക് ആശ്വാസത്തിന്റെ ഗ്രീന്‍ കാര്‍ഡ് നല്കി രാജ്യത്തേക്ക് സ്വാഗതമേകി. മാത്രവുമല്ല, അവരെ സുരക്ഷിത ഇടങ്ങളില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. അവരെ വീടുകളിലെത്തിക്കാന്‍ ദുബൈ പൊലീസ്, ആര്‍ടിഎ തുടങ്ങിയവയുമായി ചേര്‍ന്ന് ജിഡിആര്‍എഫ്എഡി പ്രത്യേക ടീം തന്നെ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. തങ്ങളുടെ നാട്ടിലെ അതിഥികളെ ഒരാളെയും അനാഥമാക്കാതെ മനുഷ്യത്വപരമായ ഇടപെടലുകള്‍ നടത്തിയാണ് ജിഡിആര്‍എഫ്എഡി മാതൃക കാട്ടിയത്.
ദുബൈ എയര്‍പോര്‍ട്ടിലൂടെ എത്തുന്ന ഇതര എമിറേറ്റുകളിലെ വിസക്കാര്‍ക്ക് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിഷണ്ഷിപ്പില് നിന്ന് അനുമതി കാണിക്കുന്ന ഗ്രീന്‍ ടിക്കും, ദുബൈ വിസക്കാര്‍ക്ക് ജിഡിആര്‍എഫ്എഡി അനുമതിയും വേണമെന്നുള്ളതാണ് ഔദ്യോഗിക ഭാഗത്ത് നിന്നുള്ള സ്ഥിരീകരണം. പക്ഷേ, അതിനെ മറികടന്നെത്തിയവരാണ് കഴിഞ്ഞ ദിവസം ഇങ്ങനെ കുടുങ്ങിയത്. അനുമതിയില്ലാതെ യാത്രക്കാര്‍ എത്തുന്നത് വിമാനത്താവളത്തിലെ നടപടിക്രമങ്ങളെ സ്വാഭാവികമായി ബാധിക്കും. അതുകൊണ്ട്, യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് എമിറേറ്റുകളിലെ നിയമം എന്താണെന്ന് കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതര്‍ വീണ്ടും ഓര്‍മപ്പെടുത്തി.
ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ച് സഹായം നല്കാന് പ്രത്യേക എമിഗ്രേഷന്‍ സംഘത്തെ നിയോഗിച്ചതായി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വകുപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി യോജിച്ച് പ്രശ്ന പരിഹാരത്തിന് ദുബൈ വിമാനത്താവളം ശ്രമിച്ചു വരികയാണെന്ന് എയര്‍പോര്‍ട്ട് അധികൃതരും പിന്നീട് വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. ബ്രിഗേഡിയര്‍ ഫൈസല്‍ അബ്ദുല്ല നഈമിയുടെ നേതൃത്വത്തിലാണ് യാത്രക്കാര്‍ക്കുള്ള സേവനവും മറ്റു സൗകര്യങ്ങളും ജിഡിആര്‍എഫ്എഡി ഏകോപിപ്പിച്ചത്.

ഐസിഎയുടെയും ജിഡിആര്‍എഫ്എയുടെയും വെബ്സൈറ്റുകള്‍ വഴിയാണ് അതത് വിസക്കാര്‍ യാത്രാ അനുമതികള്‍ തേടേണ്ടത്.
അതിനിടെ, ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് യുഎഇയില്‍ നിന്നു കൊണ്ടുതന്നെ തിരിച്ചു വരാനുള്ള യാത്രാനുമതിക്ക് ഇപ്പോള്‍ മുന്‍കൂട്ടി അപേക്ഷിക്കാന്‍ കഴിയുമെന്ന് ജിഡിആര്‍എഫ്എഡി അറിയിച്ചു. യുഎഇയില്‍ നിന്നും ചുരുങ്ങിയ ദിവസത്തേക്ക് വിദേശ സന്ദര്‍ശനം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് ഏറെ സഹായകമാകും ഇത്. യാത്രാ അനുമതിക്ക് 30 ദിവസ കാലാവധിയാണ് ലഭിക്കുക. എന്നാല്‍, വിസാ കാലാവധിയുള്ളവര്‍ക്ക് മാത്രമേ യുഎഇയില്‍ നിന്നും ഇത്തരത്തില്‍ മടങ്ങി വരാനുള്ള യാത്രാനുമതി നല്‍കൂ.
കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തില്‍ അടിക്കടി നിയമങ്ങളില്‍ മാറ്റം വന്നേക്കാം. അതുകൊണ്ട് തന്നെ, ദുബൈ വിസയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങള്‍ അറിയാനും അതുമായുള്ള സംശയ നിവാരണത്തിനും 800 5111 എന്ന ടോള്‍ ഫ്രീയില്‍ ബന്ധപ്പെടണമെന്ന് ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും 009714313999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതിന് പുറമെ വകുപ്പിന്റെ വെബ്സൈറ്റ് വഴിയുള്ള ചാറ്റ് ബോക്സിലൂടെ ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാന്‍ കഴിയും. ഒപ്പം തന്നെ, amer@dnrd.ae എന്ന വിലാസം ഉപയോഗിച്ച് ഇമെയില്‍ ചെയ്താലും വിവരങ്ങള്‍ ലഭിക്കുകന്നതാണ്.