39-ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള നവം.4 മുതല്‍: 73 രാജ്യങ്ങളില്‍ നിന്നും 1,024 പ്രസാധകര്‍

അഹ്മദ് ബിന്‍ റക്കാദ് അല്‍ആമിരി (എസ്ബിഎ ചെയര്‍മാന്‍)

ഒരു ദിവസം 5,000 പേര്‍ക്ക് മാത്രം പ്രവേശനം.
പ്രവേശനത്തിന് www.sibf.com) രജിസ്റ്റര്‍ ചെയ്യണം.
പ്രിന്‍സ് യ്യാ; ‘ലൈഫ് ഓഫ് പൈ’ ഫെയിം യാന്‍ മാര്‍ട്ടല്‍; ‘ജെറോനിമോ സ്റ്റില്‍ട്ടന്‍ ചില്‍ഡ്രന്‍സ് ബുക് സീരീസ്’ ഉപജ്ഞാതാവ് എലിസബത്ത ഡാമി; ശശി തരൂര്‍, രവീന്ദര്‍ സിംഗ് പങ്കെടുക്കും

ജലീല്‍ പട്ടാമ്പി
ദുബൈ: ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകോല്‍സവമായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ (എസ്‌ഐബിഎഫ്) 39-ാം എഡിഷന്‍ ഈ വര്‍ഷം നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെര്‍ച്വലായി സംഘടിപ്പിക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ആമിരി സൂം പ്‌ളാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിഞ്ഞ 38 വര്‍ഷവും സ്തുത്യര്‍ഹമായ നിലയില്‍ സംഘടിപ്പിച്ച പുസ്തകോല്‍സവത്തിന്റെ തുടര്‍ച്ച ഈ വര്‍ഷവും മികവോടെ നടത്താന്‍ എസ്ബിഎ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുല്‍ അസീസ് തര്‍യാം (ഇത്തിസാലാത്ത് നോര്‍തേണ്‍ എമിറേറ്റ്‌സ് അഡൈ്വസര്‍, ജനറല്‍ മാനേജര്‍)

കോവിഡ് 19 സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഏറെ സൂക്ഷ്മതയോടെ ഈ വര്‍ഷത്തെ പുസ്‌കോല്‍സവം ഒരുക്കുക. ഇത്തവണത്തെ പുസ്തക മേള അസാധാരണ സാഹചര്യത്തിലുള്ളതാണ്. കൊറോണ സൃഷ്ടിച്ച പ്രത്യേക പ്രതിസന്ധിയിലും വിജ്ഞാനത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിക്കുമെന്ന മഹത്തായ സന്ദേശം ഉദ്‌ഘോഷിക്കുന്നത് കൂടിയാണ് ഈ വര്‍ഷത്തെ പുസ്തകോല്‍സവം എന്ന സവിശേഷത കൂടിയുണ്ട്.
അമേരിക്കന്‍ സോഷ്യല്‍ മീഡിയ താരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രിന്‍സ് യ്യാ, ‘ലൈഫ് ഓഫ് പൈ’ നോവലിലൂടെ വിഖ്യാതനായ കനേഡിയന്‍ സാഹിത്യകാരന്‍ യാന്‍ മാര്‍ട്ടല്‍, ‘ജെറോനിമോ സ്റ്റില്‍ട്ടന്‍ ചില്‍ഡ്രന്‍സ് ബുക് സീരീസ്’ ഉപജ്ഞാതാവ് എലിസബത്ത ഡാമി (ഇറ്റലി) തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ വര്‍ഷത്തെ പുസ്‌കോല്‍സവത്തിലെ പ്രധാന അതിഥികളാകും. അതേസമയം, രാജ്യാന്തര എഴുത്തുകാര്‍ ഈ വര്‍ഷം മേളയില്‍ ഓണ്‍ലൈനായാണ് പങ്കെടുക്കുക. എന്നാല്‍, ഇവിടെയുള്ള എഴുത്തുകാര്‍ കോവിഡ് 19 മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് നേരിട്ട് പങ്കെടുക്കുന്നതാണ്.

ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അഹ്മദ് സഈദ് അല്‍നഊര്‍ (ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍)

‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു’ (The World Reads from Sharjah) എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ ആശയം. ഇന്ത്യയില്‍ നിന്ന് ഗ്രന്ഥകാരനും ചിന്തകനുമായ ഡോ. ശശി തരൂര്‍, നോവലിസ്റ്റ് രവീന്ദര്‍ സിംഗ് എന്നിവരുടെ പ്രഭാഷണങ്ങള്‍ പുസ്തക മേളയിലുണ്ടാകും.
ഒരു ദിവസം 5,000 പേര്‍ക്ക് മാത്രമേ പുസ്തക മേളയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രവേശനത്തിനായി ഓണ്‍ലൈനില്‍ (www.sibf.com) രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് ഒരുസമയം മൂന്നു മണിക്കൂര്‍ മാത്രമേ അനുമതിയുമുണ്ടാവുകയുള്ളൂ. ശരീര താപനില പരിശോധന, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകല പാലനം, തുടര്‍ച്ചയായുള്ള സാനിറ്റൈസേഷന്‍, സൂക്ഷ്മമായ പ്രവേശന-നിര്‍ഗമന രീതികള്‍ തുടങ്ങിയ കണിശമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഓരോരുത്തരെയും പ്രദര്‍ശന ഹാളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്.

സാലം അല്‍ ഗൈഥി (ഷാര്‍ജ പൊലീസ് ഡയറക്ടര്‍)

ഉദ്ഘാടന ചടങ്ങ് ഉണ്ടാവില്ല. അവാര്‍ഡ് സമര്‍പ്പണ ചടങ്ങും സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനവും ഇത്തവണ ഉണ്ടായിരിക്കില്ല. എന്നാല്‍, സൂം പ്‌ളാറ്റ്‌ഫോമില്‍ സാംസ്‌കാരിക പരിപാടികളുണ്ടാകും.
കഴിഞ്ഞ വര്‍ഷം 2.52 ദശലക്ഷം പേരാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം സന്ദര്‍ശിച്ചത്.
73 രാജ്യങ്ങളില്‍ നിന്നുള്ള 1,024 പ്രസാധകരാണ് ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കുന്നത്. സാംസ്‌കാരിക പരിപാടികളുടെ അവതരണത്തിനായി റിമോട്ട് രീതിയിലുള്ള വേദിയുടെ പ്രഖ്യാപനവും അല്‍ആമിരി നിര്‍വഹിച്ചു. ആകെ 64 സാംസ്‌കാരിക പരിപാടികളാണ് അരങ്ങേറുക. പാനല്‍ ചര്‍ച്ചകളും ഓണ്‍ലൈനായിരിക്കും.

മുഹമ്മദ് മാജിദ് അല്‍സുവൈദി (മോഡറേറ്റര്‍, മീഡിയ പേഴ്‌സനാലിറ്റി)

പുസ്തക മേളയുടെ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ എഴുത്തുകാരുടെ എട്ടു സെഷനുകള്‍ അവരുടെ എംബസികളുമായി സഹകരിച്ച് നടത്തുന്നതാണ്.
11 ദിവസം പുസ്തക മേള നീണ്ടു നില്‍ക്കും. കോവിഡ് 19 സാഹചര്യത്തിലുള്ള ഹൈബ്രിഡ് മോഡലാണ് യുഎഇ പുസ്തക മേളക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രദര്‍ശന നഗരിയില്‍ സാധാരണ പോലെ സ്റ്റാളുകള്‍ വിശാലമായ രീതിയില്‍ സജ്ജീകരിക്കുന്നതാണ്.
അതിനിടെ, അടുത്ത കാലത്ത് ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ച്ച നേരിട്ട പ്രസാധകര്‍ക്ക് 200,000 ദിര്‍ഹമിന്റെ റിലീഫ് ഫണ്ട് ഷാര്‍ജ ആരംഭിച്ചു.
സാംസ്‌കാരിക പരിപാടികള്‍ അവസാനിക്കില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും വെല്ലുവിളികളുടെ സാഹചര്യങ്ങളിലും വായന, സാക്ഷരത, വൈജ്ഞാനികത എന്നിവ വഴി ജനങ്ങളുടെ ജീവിതത്തെ അര്‍ത്ഥവത്തും സമ്പന്നവുമാക്കാന്‍ കഴിയുമെന്നും സാമൂഹിക വികസനത്തിന്റെയും പുരോഗതിയുടെയും മുഖ്യ ചാലക ശക്തി അവയാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഴുവന്‍ പ്രോഗ്രാമുകളുടെയും വിവരം ഈ മാസാവസാനത്തോടെ പുറത്തു വിടും.