അബ്ദുല്ല ബിന്‍ സായിദ് ബെര്‍ലിനില്‍ ഇസ്രാഈലുമായി കൂടിക്കാഴ്ച നടത്തി

    5

    ദുബൈ: യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഗതാഗതം, വ്യോമയാന, ആരോഗ്യം, സംസ്‌കാരം എന്നീ മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന സഹകരണത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും സാധ്യതകള്‍ അവലോകനം ചെയ്തു. ബെര്‍ലിനിലെ വില്ല ബോര്‍സിഗില്‍ വെച്ചാണ് രണ്ട് മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് അവരെ സ്വീകരിച്ചു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ അഭിപ്രായങ്ങള്‍ കൈമാറി. മേഖലയില്‍ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തിന്റെ വെളിച്ചത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച സമാധാന കരാറായിരുന്നു യോഗത്തിലെ പ്രധാന കേന്ദ്രം. കോവിഡിന് എതിരായ ആഗോള പോരാട്ടവും ഇരു രാജ്യങ്ങളും തമ്മിലുള്ള അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതും രോഗത്തിന് ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതന പരിശോധന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം നടത്തി. മേഖലയില്‍ നീതിപൂര്‍വകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടി കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. ചരിത്രപരമായ യുഎഇ-ഇസ്രാഈല്‍ സമാധാന കരാര്‍ ഒപ്പുവെച്ചതോടെ ഇരു രാജ്യങ്ങളും അഭിവൃദ്ധിയും സുസ്ഥിര വികസനവും വളര്‍ത്തിയെടുക്കാനും വിവിധ രാജ്യങ്ങളില്‍ സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഉറ്റുനോക്കുകയാണ്. ജര്‍മ്മന്‍ ഉന്നത നയതന്ത്രജ്ഞന്‍ രണ്ട് മന്ത്രിമാരെയും മറ്റു പ്രതിനിധികളെയും ആദരിച്ചുകൊണ്ട് അത്താഴവിരുന്ന് നല്‍കി. ശൈഖ് അബ്ദുല്ലയ്ക്കൊപ്പം ജര്‍മ്മനിയിലേക്കുള്ള യുഎഇ അംബാസഡര്‍ ഹഫ്‌സ അബ്ദുല്ല അല്‍ ഒലാമ, വിദേശകാര്യ സാംസ്‌കാരിക കാര്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഒമര്‍ സെയ്ഫ് ഗോബാഷ് എന്നിവര്‍ പങ്കെടുത്തു.