അബുദാബി അന്താരാഷ്ട്ര പുസ്തകമേള മെയ് മാസത്തില്‍; രജിസ്‌ട്രേഷന്‍ തുടങ്ങി

    ദുബൈ: അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ 2021 മെയ് 23 മുതല്‍ 29 വരെ നടക്കുന്ന അബുദാബി രാജ്യാന്തര പുസ്തകമേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മേളയുടെ മുപ്പതാം പതിപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പുസ്തകമേള മാറ്റിവെച്ചിരുന്നു. എന്നിരുന്നാലും ലോകമെമ്പാടുമുള്ള പ്രശസ്തരായ എഴുത്തുകാരും സാംസ്‌കാരിക വ്യക്തികളും വെര്‍ച്വല്‍ സെഷനുകളില്‍ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ രാജ്യം വിജയകരമായി മുന്നേറി. ഇത് ഇത്തരം സാംസ്‌കാരിക പരിപാടികളുമായി മുന്നേറാന്‍ പ്രാപ്തരാക്കിയതായി ഡിസിറ്റി അബുദാബിയിലെ ദാറുല്‍ കുതുബ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല മജീദ് അല്‍അലി പറഞ്ഞു. പുസ്തകമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് അപകടങ്ങള്‍ വരാത്തവിധം വെര്‍ച്വല്‍-ഓണ്‍ലൈന്‍ രീതിയില്‍ നടത്തി. പക്ഷെ അടുത്ത മേള പ്രഖ്യാപിക്കുന്നതിനുള്ള സാഹചര്യമുണ്ടായിരിക്കുകയാണ്. മേളയുടെ ഏറ്റവും അവസാന പതിപ്പില്‍ 76 രാജ്യങ്ങളില്‍ നിന്നുള്ള 1,066 ല്‍ അധികം പ്രസാധകര്‍ പങ്കെടുത്തു, 500,000 ലധികം പുസ്തകങ്ങള്‍ മേളയിലെത്തിയിരുന്നു. 2021 ലെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന രാജ്യം ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി ആയിരിക്കും. ജര്‍മ്മനിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, വിജ്ഞാന മേഖലയിലേക്കുള്ള സംഭാവനകള്‍, സാംസ്‌കാരിക കൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ എന്നിവയില്‍ മേള ശ്രദ്ധ കേന്ദ്രീകരിക്കും. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 1981 ല്‍ സ്ഥാപിച്ച അബുദാബി അന്താരാഷ്ട്ര പുസ്തകമേള അന്താരാഷ്ട്ര ഇവന്റ് കലണ്ടറിലെ ഒരു ജനപ്രിയ പരിപാടിയായി മാറി. ഈ മേള ഓരോ വര്‍ഷവും ഏറ്റവും പ്രധാനപ്പെട്ട അറബ്, അന്താരാഷ്ട്ര പ്രസാധകശാലകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ലോകമെമ്പാടുമുള്ള പ്രസാധകര്‍, ലൈബ്രറികള്‍, ഏജന്റുമാര്‍, സാംസ്‌കാരിക-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരേ വേദിയില്‍ സംവദിക്കുന്നു. പ്രസാധകര്‍ തമ്മില്‍ പരസ്പരം ബിസിനസ്സ് നടത്തുന്നതിനും മേള വേദി ഒരുക്കുന്നു. എക്സിബിഷന്‍ വെബ്സൈറ്റ്: https://adbookfair.com വഴി 2021 ഫെബ്രുവരി 23 ന് മുമ്പായി എക്സിബിറ്റര്‍മാര്‍ക്ക് അടുത്ത അബുദാബി അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം.