അഴിമതിക്കാര്‍ ദൈവത്തിന് മുന്നില്‍ ഉത്തരവാദികളെന്ന് ശൈഖ് മുഹമ്മദ് ”അറബ് യുവാക്കള്‍ കുടിയേറ്റത്തിന് ആഗ്രഹിക്കുന്നത് വേദനാജനകം”

    ദുബൈ: അറബ് മേഖലയിലെ നിരവധി യുവ അറബികള്‍ സ്വന്തം നാട്ടില്‍ നിന്ന് കുടിയേറാന്‍ ആഗ്രഹിക്കുന്നത് വേദനാജനകമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു. അറബ് യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലം പുറത്തുവന്ന ശേഷമുള്ള പ്രതികരണത്തിലാണ് ശൈഖ് മുഹമ്മദ് തന്റെ ആശങ്ക പ്രകടമാക്കിയത്. അറബ് രാജ്യങ്ങളിലെ യുവാക്കള്‍ രാജ്യം വിടാനുള്ള സാഹചര്യവും ശൈഖ് മുഹമ്മദ് വിലയിരുത്തി. ഇതിന് കാരണക്കാരായ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അദ്ദേഹം വിമര്‍ശിച്ചു. ഇത്തരമൊരു സാമ്പത്തിക സാഹചര്യമുണ്ടാക്കിയതിനാല്‍ പലര്‍ക്കും ജോലിയും ഉപജീവനവും ഇല്ലാതാക്കി. അറബ് യൂത്ത് സര്‍വേയില്‍ പങ്കെടുത്ത വിവിധ അറബ് രാജ്യങ്ങളിലെ യുവാക്കള്‍ മോശം നേതൃത്വം, പ്രാദേശിക അഴിമതി, സാമ്പത്തിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ പലരും കുറ്റപ്പെടുത്തി. 77 ശതമാനം യുവ അറബികളും തങ്ങളുടെ രാജ്യത്ത് സര്‍ക്കാര്‍ അഴിമതി ഉണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യെമനും ഇറാഖും പട്ടികയില്‍ ഒന്നാമതാണ്. ”നമ്മുടെ അറബ് യുവാക്കളില്‍ പകുതിയും കുടിയേറാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയുന്നത് വേദനാജനകമാണ്,” ശൈഖ് മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു. അറബ് യുവാക്കള്‍ മാതൃരാജ്യവും സുരക്ഷയും ഉപജീവനവും അവരുടെ മാതൃരാജ്യങ്ങളില്‍ കണ്ടെത്താത്ത സാഹചര്യം വേദനാജനകമാണ്. ‘സര്‍ക്കാരുകള്‍ അഴിമതിയിലായാല്‍ രാജ്യം നശിപ്പിക്കപ്പെടും, സുരക്ഷ കുറയുകയും പൗരന്മാര്‍ അത് ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പറയുന്നു. ഓരോ ഉദ്യോഗസ്ഥനും ദൈവത്തിന് മുമ്പാകെ ഉത്തരവാദിത്തമുള്ളവരായിരിക്കും-ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. എന്നാല്‍ സമഗ്രമായ സര്‍വേയില്‍ യുവ അറബികള്‍ക്ക് തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇയെ തെരഞ്ഞെടുത്തു.
    രാജ്യത്തിന്റെ സുരക്ഷ, സമഗ്രമായ ചരിത്രം, ഉയര്‍ന്ന ശമ്പളം വാഗ്ദാനം എന്നിവയാണ് രാജ്യത്തിന്റെ ജനപ്രീതി തുടരുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ഇക്കാര്യങ്ങള്‍ വിലയിരുത്തിയ ശൈഖ് മുഹമ്മദ് പറഞ്ഞു-”യുഎഇ എല്ലാവരുടെയും രാജ്യമാണ്,” ‘വിജയകരമായ ഒരു മാതൃക നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, ഞങ്ങളുടെ അനുഭവവും വാതിലുകളും  എല്ലാവര്‍ക്കുമായി തുറന്നിരിക്കും.’