അറബ് യൂത്ത് സര്‍വേയില്‍ യുഎഇ മുന്നില്‍– യുവാക്കള്‍ പറയുന്നു-മാതൃകാ താമസയിടം യുഎഇ തന്നെ

    ദുബൈ: അറബ് യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ലോകത്തിലെ മികച്ച രാജ്യമായി യുഎഇ തെരഞ്ഞെടുത്തിരിക്കുന്നു.
    ഇത് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും യുവ അറബികള്‍ക്ക് യുഎഇ ഒരു മാതൃകാ രാഷ്ട്രമായി മാറിയിരിക്കുന്നു. അമേരിക്കയെയും കാനഡയെയും മറികടന്ന് കൂടുതല്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി യുഎഇ മാറിയിരിക്കുന്നു. വാര്‍ഷിക എ.എസ്.ഡി.എ ബി.സി.ഡബ്ല്യു അറബ് യൂത്ത് സര്‍വേ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ലോകത്തിലെ ഏത് രാജ്യത്താണ് താമസിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതായിരുന്നു പ്രധാന ചോദ്യം. 46 ശതമാനം യുവ അറബികളും യുഎഇയെ ഇഷ്ടരാജ്യമായി തെരഞ്ഞെടുത്തു. തൊട്ടുപിന്നാലെ യുഎസ് (33 ശതമാനം), കാനഡ (27 ശതമാനം), യുകെ (27 ശതമാനം), ജര്‍മ്മനി (22 ശതമാനം). യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍വേയുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ ട്വീറ്റില്‍ പങ്കുവെച്ചു. അറബ് യുവാക്കളില്‍ പകുതിയോളം പേരും തങ്ങളുടെ രാജ്യങ്ങളില്‍ നിന്ന് കുടിയേറാന്‍ ആഗ്രഹിക്കുന്നത് വേദനാജനകമാണ്. സ്വന്തം നാട്ടില്‍ സുരക്ഷയും ഉപജീവനവും കണ്ടെത്തേണ്ടതുണ്ട്. ഒരു സര്‍ക്കാര്‍ അഴിമതിക്കാരനാണെങ്കില്‍ രാജ്യം നശിപ്പിക്കപ്പെടും. എല്ലാ ഉദ്യോഗസ്ഥരും ദൈവമുമ്പാകെ ഉത്തരവാദികളാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കുമുള്ള രാജ്യമാണ് യുഎഇയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇ വിജയകരമായ ഒരു മാതൃക നിര്‍മ്മിച്ചതായും അതിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് 16 അറബ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുവ ഇമാറാത്തികള്‍ മറ്റൊരു രാജ്യത്തേക്ക് പോകുന്നത് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് 17 അറബ് രാജ്യങ്ങളിലെ 4,000 യുവാക്കളെ ഉള്‍ക്കൊള്ളുന്ന സര്‍വേയില്‍ പറയുന്നു. 18 നും 24 നും ഇടയില്‍ പ്രായമുള്ള ഇമാറാത്തികളില്‍ വെറും മൂന്ന് ശതമാനം പേര്‍ സജീവമായി കുടിയേറാന്‍ ശ്രമിക്കുകയാണ്. അല്ലെങ്കില്‍ കുടിയേറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. ഒരേ പ്രായത്തിലുള്ള സഊദികളും (ആറ് ശതമാനം), ഒമാനികളും (12 ശതമാനം) അടുത്തതായി കുടിയേറാന്‍ സാധ്യതയുണ്ട്. വിവിധ മേഖലയിലുള്ള വിഷയങ്ങളില്‍ യുവാക്കള്‍ ഉത്തരം നല്‍കിയിരുന്നു. യുഎഇയില്‍ ഒരു ശതമാനം യുവാക്കള്‍ മാത്രമാണ് രാജ്യത്ത് അഴിമതി നടക്കുന്നതായി അഭിപ്രായപ്പെട്ടത്. ഇത് ജനസംഖ്യാപരമായ വലിയ സര്‍വേയാണ്. 18 നും 24 നും ഇടയില്‍ പ്രായമുള്ള 4,000 യുവ അറബികളെ ഉള്‍ക്കൊള്ളുന്ന സര്‍വേ രണ്ട് ഭാഗങ്ങളായി നടത്തി. കോവിഡിന് മുമ്പും അതിന് ശേഷവും സര്‍വേ നടത്തിയിരുന്നു. മികച്ച ആദ്യത്തെ അഞ്ച് രാജ്യങ്ങള്‍ യുഎഇ, യുഎസ്, ജപ്പാന്‍, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങളാണ്.