അബുദാബിയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ നിര്‍മാണം തുടങ്ങി; അടുത്ത വര്‍ഷം തുറക്കും

    അബുദാബി അല്‍ഷഹാമ ഏരിയയില്‍ നിര്‍മാണം തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മാതൃക

    ദുബൈ: അബുദാബിയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് സന്തോഷം പകര്‍ന്ന് പള്ളിയുടെ നിര്‍മാണം ആരംഭിച്ചു. അല്‍ഷഹാമയിലാണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിലുള്ള പള്ളി നിര്‍മിക്കുന്നത്. വേഗത്തില്‍ പൂര്‍ത്തിയാക്കി ഇത് വിശ്വാസികള്‍ക്കായി അടുത്ത വര്‍ഷം തുറന്നു കൊടുക്കും. യുഎഇ നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തിന്റെ നാഴികക്കല്ലായി മാറും ഈ പള്ളി. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഇവിടെ പാര്‍ത്ഥിക്കാന്‍ അവസരം നല്‍കും. ദുബൈ-അബുദാബി ശൈഖ് സായിദ് ഹൈവേയില്‍ അല്‍റഹ്്ബ ഏരിയയില്‍ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്രത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനാണ് ഇവിടെ 4.37 ഏക്കര്‍ സ്ഥലം അനുവദിച്ചത്. 75ദ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ടായിരിക്കും പള്ളിയില്‍. പ്രത്യേകം രൂപകല്‍പന ചെയ്ത മാതൃകയിലാണ് പള്ളി നിര്‍മിക്കുന്നത്. ചര്‍ച്ചിന്റെ പ്രധാന കെട്ടിടം, ഇലക്ട്രിസിറ്റി, വാട്ടര്‍ സര്‍വീസ്, ഗേറ്റ് ഹൗസ് തുടങ്ങിയവയുടെ നിര്‍മാണ് അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാണ് പദ്ധതി. രണ്ടാംഘട്ടത്തില്‍ മള്‍ട്ടിപര്‍പസ് ഹാള്‍, റിക്രിയേഷന്‍ ഏരിയ, വികാരിക്കുള്ള താമസസ്ഥലം തുടങ്ങിയവ പൂര്‍ത്തിയാക്കും. ചര്‍ച്ച് പ്രവര്‍ത്തന സജ്ജമായാല്‍ ദുബൈയിലെ ജബല്‍ അലി ഏരിയയിലുള്ള വിശ്വാസികള്‍ക്ക് ഇവിടെ പങ്കെടുക്കാനാവും. ജബല്‍ അലിയില്‍ നിന്നും 40 മിനിറ്റ് യാത്ര ചെയ്താല്‍ ഇവിടെ എത്താനാവും. ഈ സഭയില്‍ നിന്നുള്ള വിശ്വാസികള്‍ 1979-ല്‍ 50 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ 6000 അംഗങ്ങളായി ഉയര്‍ന്നിട്ടുണ്ട്. കേരള, തമിഴ്‌നാട്, കര്‍ണാടക, ആന്ദ്രപ്രദേശ് തുടങ്ങിയ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് അധികവും. ഇപ്പോള്‍ ഫുജൈറയിലാണ് സഭയുടെ കീഴിലുള്ള പള്ളിയുള്ളത്. ഇവിടെ 100 പേര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുണ്ട്. നിലവില്‍ സെന്റ് അന്‍ഡ്രൂസ് പള്ളിയിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി എത്തുന്നത്. പുതിയ പള്ളി തുറന്നാല്‍ എല്ലാ സമൂഹങ്ങള്‍ക്കും പ്രവേശനം നല്‍കുമെന്ന് റവറന്റ് ജോണ്‍ ്‌വ്യക്തമാക്കി. വിശ്വാസികളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ പള്ളി നിര്‍മാണം തുടങ്ങിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ്് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയിരിക്കുന്നതെന്ന് നിര്‍മാണ ചുമതല വഹിക്കുന്ന റെജി ജോണ്‍ പറഞ്ഞു. വിവാഹചടങ്ങുകള്‍ക്കും കുട്ടികള്‍ക്ക് കളിക്കാനുമുള്ള ഏരിയയുടെ നിര്‍മാണം പിന്നീട് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.