തള്ളിക്കളയാന്‍ സമയമായില്ല; കരുതിയിരിക്കണം കോവിഡിനെ—- ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

    ദുബൈ: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അന്ന് കേരളത്തിലുള്ളവര്‍ ആശ്വസിച്ചു. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഗള്‍ഫിനെയും മറികടന്ന് ഇന്ത്യയുടെ ദേശീയ ശരാശരിക്കും ്അപ്പുറം കേരളത്തില്‍ നാള്‍ക്കുനാള്‍ ആയിരക്കണക്കിന് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സംസ്ഥാന ആരോഗ്യവകുപ്പിന് പിടിവിട്ട രീതിയിലാണ് കാര്യങ്ങള്‍ പോവുന്നത്. യുഎഇയില്‍ കഴിഞ്ഞ് ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെങ്കിലും പിന്നീട് വര്‍ധിച്ചുവരികയായിരുന്നു. ഇപ്പോള്‍ ഓരോദിവസവും ആയിരത്തോളം രോഗികളെ സ്ഥിരീകരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സര്‍വേ പ്രകാരം ലോകമെമ്പാടുമുള്ള പത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്ന് വിലയിരുത്തുന്നു. ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗങ്ങളുടെ തലവന്‍ ഡോ.മൈക്കല്‍ റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
    കോവിഡ് -19 കേന്ദ്രീകരിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ യോഗത്തില്‍ തിങ്കളാഴ്ച സംസാരിച്ച ഡോ. മൈക്കല്‍ റയാന്‍ പറയുന്നു-നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും ഈ കണക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ ആത്യന്തികമായി ഇത് അര്‍ത്ഥമാക്കുന്നത് ലോകത്തിലെ ബഹുഭൂരിപക്ഷവും അപകടത്തിലാണ്. ലോകാരോഗ്യ സംഘടനയും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള 35 ദശലക്ഷത്തിലധികം കോവിഡ് ബാധിതരുടെ എണ്ണം. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം യഥാര്‍ത്ഥ കണക്കുകളെ വളരെ കുറച്ചുകാണുന്നുവെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ട്. ലോകമെമ്പാടുമുള്ള പത്ത് രാജ്യങ്ങളില്‍ ഒന്‍പതിലധികം രാജ്യങ്ങളില്‍ കോവിഡ് മഹാമാരി
    ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് യുഎന്‍ ആരോഗ്യ ഏജന്‍സി പറയുന്നു. 130 രാജ്യങ്ങളില്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ നടത്തിയ സര്‍വേയില്‍ ഇത് വ്യക്തമായതായി ലോകാരോഗ്യ സംഘടന പറയുന്നു. മൂന്നില്‍ രണ്ട് രാജ്യങ്ങളും കൗണ്‍സിലിംഗിനും സൈക്കോതെറാപ്പിക്കും തടസ്സമുണ്ടെന്ന് പറയുന്നു. മരണവും ഒറ്റപ്പെടലും വരുമാനനഷ്ടവും ഭയവും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു.
    ധാരാളം ആളുകള്‍ മദ്യത്തിലും മയക്കുമരുന്നിലും അഭയം നേടുന്നു. അധികമാളുകളും ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവ നേരിടുന്നുണ്ട്- ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. നേരത്തെ പ്രവാസികളില്‍ കോവിഡ് ബാധ വലിയ അളവില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് ബാധിതര്‍ക്ക് സഹായവും ചികിത്സയും ലഭ്യമാക്കാനായി പ്രവാസി സമൂഹം തന്നെ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസം കൈവരിക്കുകയായിരുന്നു. കേരളത്തില്‍ പ്രവാസികളെ ആക്ഷേപിക്കാനായി വലിയൊരു സമൂഹം ഇറങ്ങിയപ്പോഴും പ്രവാസികള്‍ തന്നെ ശക്തമായി ചെറുത്തുനിന്നു. ഇപ്പോള്‍ വലിയൊരു വിഭാഗം പ്രവാസികളും തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. കോവിഡ് എന്താണെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും അനുഭവ പാഠങ്ങളിലൂടെ ഏറ്റവുമധികം മനസ്സിലാക്കിയതും പ്രവാസികള്‍ തന്നെ.