കോവിഡ് പരിശോധനക്ക് വീട്ടില്‍ സൗകര്യമൊരുക്കി സ്വദേശി

    റാസല്‍ഖൈമ: മഹാമാരി രാജ്യത്തെ പിടിച്ചുലക്കുമ്പോള്‍ കോവിഡ് പരിശോധനക്ക് വീട്ടില്‍ സൗകര്യമൊരുക്കി സ്വദേശി ഗൃഹനാഥന്‍. വീടിന്റെ വിശാലമായ അറബ് മജ്ലിസാണ് മടികൂടാതെ വിട്ടുകൊടുത്തത്. പുറത്ത് നിന്ന് ആരെയും വീട്ടില്‍ കയറ്റാന്‍ മടിക്കുന്ന ഇക്കാലത്ത് ഒരു സ്വദേശി കുടുംബം മനുഷ്യര്‍ക്ക് മാനവികതയുടെ വാതില്‍ തുറന്നു കൊടുത്തതിനെ യുഎഇ സമൂഹം അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്.
    റാസല്‍ഖൈമയിലെ അല്‍ ദഹാന്‍ മേഖലയില്‍ താമസിക്കുന്ന ത്വാലിബ് അബ്ദുല്ല മുഹമ്മദ് കര്‍ദലിയാണ് കോവിഡ് കാലത്ത് മഹനീയ മാതൃക സൃഷ്ടിച്ചത്. ഇവിടെയുള്ളവര്‍ക്ക് ഇനി കോവിഡ് പരിശോധനക്ക് വേണ്ടി ആശുപത്രികളും ക്ലിനിക്കുകളും കയറിയിറങ്ങേണ്ടതില്ല. ത്വാലിബ് താമസിക്കുന്ന പ്രദേശത്തെ തദ്ദേശിയര്‍ക്ക് മാത്രമല്ല വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും തൊഴിലാളികള്‍ക്കും അദ്ദേഹത്തിന്റെ വീട്ടിലെത്തി കോവിഡ് പരിശോധന നടത്താം. പരിസരവാസികള്‍ക്ക് രോഗനിര്‍ണയത്തിനു സൗകര്യമൊരുക്കി കോവിഡ് നിയന്ത്രിക്കുന്നതില്‍ പങ്ക് വഹിക്കുക മാത്രമാണ് ലക്ഷ്യമെന്ന് കുടുംബം വ്യക്തമാക്കി. ഇതിനു വേണ്ടി ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അതിനുള്ള സന്നദ്ധതയും സൗജന്യമായി സൗകര്യങ്ങള്‍ ഒരുക്കുകയും് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും തൊഴിലാളികളടക്കം നിരവധി പേര്‍ വീട്ടിലെത്തി പരിശോധന പൂര്‍ത്തിയാക്കി. രാവിലെ 9 മുതല്‍ രാത്രി 10 വരെ ഇദ്ദേഹത്തിന്റെ വീടിന്റെ മജ്ലിസ് കോവിഡ് പരിശോധനാ കേന്ദ്രമാണ്. പ്രതിദിനം നൂറു പേര്‍ പരിശോധനക്ക് എത്തുന്നതായി റാസല്‍ഖൈമ ആരോഗ്യ വകുപ്പിലെ മെഹ്റ മുഹമ്മദ് പറഞ്ഞു.