കൊവിഡ് 115 മില്യന്‍ ദരിദ്രരെ സൃഷ്ടിക്കുമെന്ന് ലോക ബാങ്ക്

ഡേവിഡ് മാല്‍പാസ്

നിഷാദ്.പി
ഫുജൈറ: കോവിഡ് 19 മഹാമാരി നിലവിലുള്ള ദരിദ്രരുടെ സംഖ്യ 88 മില്യനില്‍ നിന്ന് 115 മില്യനിലേക്ക് ഉയര്‍ത്തുമെന്ന് ലോക ബാങ്ക് വിലയിരുത്തി. ലോകം മുഴുവന്‍ മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ ആഗോള സാമ്പത്തിക സ്ഥിതിയെ ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ ദരിദ്രരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി.
കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു കയറ്റം ദാരിദ്ര്യ ലഘൂകരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ അനന്തര ഫലമായി ചിലപ്പോള്‍ ജനങ്ങള്‍ക്ക് ദിവസ ചെലവ് 1.50 ഡോളറില്‍ പരിമിതപ്പെടുത്തേണ്ടി വന്നേക്കാം. ഇത് 115 മില്യന്‍ ആളുകളെ ബാധിച്ചേക്കാമെന്നും ലോക ബാങ്ക് വിലയിരുത്തി. ആയതിനാല്‍, ലോക രാഷ്ട്രങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ഭദ്രതക്കായി പുതിയ സാമ്പത്തിക മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം.
2020ല്‍ ലോകത്തെ 9.1 ശതമാനം മുതല്‍ 9.4 ശതമാനം വരെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് ലോക ബാങ്ക് സൂചിപ്പിച്ചു. ഇത് നേരത്തെ 7.9 ശതമാനമായിരുന്നു. അതാണ് നിലവില്‍ മൂന്നു മുതല്‍ മൂന്നര ശതമാനത്തോളം വര്‍ധനയിലായതെന്നും ഇനിയും ഈ നിരക്ക് കൂടാമെന്നും കണക്കുകള്‍ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം പുതുതായി ദരിദ്രരായ പലരും ഇതിനകം ഉയര്‍ന്ന ദാരിദ്ര്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും. മധ്യ വരുമാനമുള്ള രാജ്യങ്ങളില്‍ പലരും ദാരിദ്ര്യ രേഖക്ക് താഴെയാകും.
”കോവിഡ് മഹാമാരി മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാ”മെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് വ്യക്തമാക്കി. എല്ലാ ലോക രാജ്യങ്ങളും കോവിഡിന് ശേഷമുള്ള മറ്റൊരു പുതിയ സമ്പദ് വ്യവസ്ഥക്ക് തയാറാവേണ്ടതുണ്ട്. അതിനായി, ലോക ബാങ്കിന്റെ ഗ്രൂപ്പ് പിന്തുണ ഉണ്ടാകും. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച പുനരാരംഭിക്കാനും കോവിഡ് 19ന്റെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളോട് പ്രതികരിക്കാനും ലോക ബാങ്ക് സഹായിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.