ഷാര്‍ജയില്‍ പൊതുപാര്‍ക്കിംഗ് ഇടങ്ങളിലെ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ സ്‌കാനിംഗ്

25

പാര്‍ക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ അപ്രത്യക്ഷമാകും

ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: എമിറേറ്റിലെ നിരത്തുകളില്‍ നിന്നും പാര്‍ക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ അപ്രത്യക്ഷമാകും. പൊതുപാര്‍ക്കിംഗ് ഇടങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ സ്‌കാനിംഗ് വാഹനങ്ങളിറക്കി ഷാര്‍ജ നഗരസഭ രംഗത്ത്.
ആദ്യ ഘട്ടമായി രണ്ട് ഡിജിറ്റല്‍ സ്‌കാനിംഗ് വാഹനങ്ങളാണ് ഷാര്‍ജ മുന്‍സിപ്പാലിറ്റി നിരത്തിലിറക്കിയത്. ഏറ്റവും മികച്ച, ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജീകരിച്ച ഈ രണ്ട് കാറുകള്‍ നിരന്തരം ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ റോന്ത് ചുറ്റും. ഓട്ടത്തിനിടക്ക് വശങ്ങളിലും മറ്റും പാര്‍ക്ക് ചെയ്ത വാഹനങ്ങളെ ഡിജിറ്റല്‍ കാര്‍ നിരീക്ഷിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്‌ളേറ്റുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ കാറിലെ സിസ്റ്റത്തിലേക്ക് കൈമാറും. സിസ്റ്റത്തിലെത്തുന്ന വിവരങ്ങള്‍ നൊടിയിടയില്‍ പരിശോധനക്ക് വിധേയമാക്കുകയും വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌കാനിംഗ് വാഹനത്തിലെ സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. പെയ്ഡ് പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്കിംഗ് ഫീസ് അടക്കാതെ നിര്‍ത്തിയിടുന്ന വാഹനങ്ങളടക്കം നഗരസഭ പുറത്തിറക്കിയ ഡിജിറ്റല്‍ കാറിന്റെ രഹസ്യ കണ്ണുകള്‍ ഒപ്പിയെടുക്കും.


യുഎഇയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നഗരസഭ അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ 3,000 വാഹനങ്ങളുടെ നമ്പര്‍ പ്‌ളേറ്റുകള്‍ വരെ സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ കൈമാറാന്‍ ഈ സംവിധാനത്തിന് കഴിയും. ഇത് പൊതുസ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഇടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന ഇന്‍സ്‌പെക്ടര്‍മാരുടെ അധ്വാനം കുറക്കാന്‍ സഹായിക്കും.
ഘട്ടംഘട്ടമായി കൂടുതല്‍ ഡിജിറ്റല്‍ സ്‌കാനിംഗ് വാഹനങ്ങള്‍ റോഡിലിറക്കാനാണ് ഷാര്‍ജ നഗരസഭയുടെ പദ്ധതി. ഷാര്‍ജ നഗരസഭ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം എമിറേറ്റിലെ 400 പെയ്ഡ് പാര്‍ക്കിംഗ് മെഷീനുകള്‍ ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തിലേക്ക് മാറ്റിയിരുന്നു.