സവാരി ഗിരി ഗിരി… ജന്തുലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന യാത്ര ദുബൈ സഫാരി പാര്‍ക്ക് തുറന്നു

    ചിത്രങ്ങള്‍ കടപ്പാട്-വാം, ജിഎന്‍

    ദുബൈ: മരുപ്രദേശത്ത് ജന്തുലോകത്തിന്റെ വൈവിധ്യമാര്‍ന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയൊരുക്കി ദുബൈ സഫാരി പാര്‍ക്ക് വീണ്ടും തുറന്നു. കാഴ്ചക്കപ്പുറം അറിവിന്റെയും വിനോദത്തിന്റെയും നിരവധി പുതുമകളോടെയാണ് ഇന്നലെ വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക്് തുറന്നുകൊടുത്തിരിക്കുന്നത്. നവീകരണത്തിനായി 2018 മെയ് മാസത്തിലാണ് പാര്‍ക്ക് താല്‍കാലികമായി അടച്ചിട്ടത്. 28 മാസങ്ങള്‍ക്ക് ശേഷമുള്ള വീണ്ടെടുപ്പില്‍ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ പാര്‍ക്ക് സൗകര്യപ്രദവും ഉല്ലാസപ്രദവുമായ രീതിയില്‍ കാണുന്നതിന് പാര്‍ക്കിനെ വിവിധ ഏരിയകളാക്കി തിരിച്ചിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍, അറേബ്യന്‍ വില്ലേജ് എന്നിങ്ങനെയാണത്. ഇതില്‍ അറേബ്യന്‍ ഡസേര്‍ട്ട് സഫാരി വിസ്മയിപ്പിക്കുന്ന യാത്രയായിരിക്കും. ഇതിലേക്ക് നടന്നു കാണുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഹോപ് ഓണ്‍ ഹോപ് എന്ന പേരില്‍ പാര്‍ക്കിനകത്ത് ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ വില്ലേജില്‍ ആനകള്‍, റൈനോസെറസ്, ജിറാഫ്, സിംഹം തുടങ്ങിയ വലിയ മൃഗങ്ങളുടെ സാന്നിധ്യമുണ്ടാവും. 119 ഹെക്ടര്‍ സ്ഥലത്ത് ഒരുക്കിയിട്ടുള്ള വൈല്‍ഡ്‌ലൈഫ് റിസര്‍വില്‍ 3000 ത്തോളം മൃഗങ്ങളുണ്ട്. സഫാരി പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക മൃഗങ്ങളുടെ ജീവിതരീതിയും ഭക്ഷണക്രമം അടക്കമുള്ള കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിയും. അപൂര്‍വ്വമായി കാണുന്ന കൊമോഡോ ഡ്രാഗണ്‍, സ്‌പൈറല്‍ ഹോണ്‍ഡ് ആന്റിലോപ്, അറേബ്യന്‍ ഓക്‌സ്, കളേര്‍ഡ് ആഫ്രിക്കന്‍ വൈല്‍ഡ് ഡോഗ്, ഗോറില്ല, ഗിബ്ബന്‍, ബോങ്കോ, ലെമൂര്‍ തുടങ്ങിയ അപൂര്‍വ്വ മൃഗങ്ങളുടെ സാന്നിധ്യം ദുബൈ സഫാരിയുടെ പ്രത്യേകതയാണ്. ഗൈഡിന്റെ സഹായത്തോടെയുള്ള ഡസേര്‍ട്ട് സഫാരിയില്‍ അറേബ്യന്‍ മരുപ്രദേശത്തെ ജന്തുവൈവിധ്യത്തെക്കുറിച്ച് നേരിട്ടറിയാന്‍ കഴിയും. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളില്‍ കാണുന്ന എല്ലാ മൃഗങ്ങളുടെയും സാന്നിധ്യം ദുബൈ സഫാരി പാര്‍ക്കിലുണ്ട്. മൃഗങ്ങളെ കൂടാതെ വൈവിധ്യമാര്‍ന്ന പക്ഷികളും മറ്റു ജന്തുജാലങ്ങളും സഫാരിയുടെ കാഴ്ചക്ക് മാറ്റു കൂട്ടും. ഒരു വനത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതിയായിരിക്കും സഫാരി പാര്‍ക്ക് സമ്മാനിക്കുക. സാധാരണ മൃഗശാലകള്‍ സന്ദര്‍ശിക്കുന്ന അനുഭവങ്ങള്‍ക്കപ്പുറം മൃഗങ്ങളെയും പക്ഷികളെയും തൊട്ടറിഞ്ഞ് കണ്ടറിഞ്ഞ് സവാരി നടത്താം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ വിശാലമായ കാഴ്ചപ്പാടിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായാണ് ഇത്തരമൊരു ബൃഹത്തായ പാര്‍ക്കിന് രൂപം നല്‍കിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ഹജ്‌രി പറഞ്ഞു. പുതിയ വികസനത്തിലൂടെ എമിറേറ്റിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള സംവിധാനമൊരുക്കിയാണ് മൃഗങ്ങളെയും മറ്റു ജീവികളെയും സംരക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുബൈ അവീര്‍ റോഡില്‍ അല്‍വര്‍ഖ 5ല്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കും. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാസംവിധാനങ്ങളോടെ ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുന്നത്. വെബ്്‌സൈറ്റില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. (www.dubaisafari.ae.) മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും കുട്ടികള്‍ക്ക് 20 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. സഫാരി യാത്രക്ക് 85 ഉം 30 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.