കോവിഡിനെതിരെ പ്രതിരോധം തീര്‍ത്ത വളണ്ടിയര്‍ വിംഗിന് കെഎംസിസിയുടെ സ്‌നേഹാദരം

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെ സ്‌നേഹാദര ചടങ്ങ് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സൂം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: കോവിഡ് 19 എന്ന വൈറസ് പരത്തിയ മഹാമാരി മൂലം പ്രയാസം അനുഭവിക്കുന്ന പ്രവാസി സമൂഹത്തിനൊപ്പം കൈത്താങ്ങായി നിന്ന മലപ്പുറം ജില്ലയിലെ വളണ്ടിയര്‍ വിംഗിനെ ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സ്‌നേഹാദരം നല്‍കി ആദരിച്ചു. കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 20 പേരടങ്ങുന്ന 10 വിംഗുകള്‍ 10 വേദികളിലായി 200 പേരെ സൂം ഓണ്‍ലൈന്‍ വഴി വൈവിധ്യമാര്‍ന്ന ചടങ്ങിലൂടെയായിരുന്നു സ്‌നേഹദരം നടന്നത്. രജിസ്‌ട്രേഷന്‍, വര്‍സാന്‍ ക്വാറന്റീന്‍ സെന്റര്‍ സജ്ജീകരണം, ഭക്ഷണ കിറ്റ് വിതരണം, ദേര ബര്‍ദുബൈ ഹെല്‍പ ഡെസ്‌കുകള്‍, ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് വിംഗ്, കൗണ്‍സലിംഗ് വിംഗ്, ഇഫ്താര്‍ കിറ്റ് വിതരണം, എമര്‍ജന്‍സി വിംഗ്, മീഡിയ വിംഗ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്കായിരുന്നു ആദരം. സ്‌നേഹാദര ചടങ്ങ് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ കെഎംസിസിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ലോക രാഷ്ട്രങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യുന്ന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരെ മരണ മുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതില്‍ വലിയ പങ്ക് വഹിച്ച വളണ്ടിയര്‍ വിംഗിന്റെ ധീരതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു.

വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി നിര്‍വഹിച്ചു. എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ അമീന്‍ എന്നിവര്‍ അനുമോദന പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. വിവിധ വിംഗുകള്‍ക്കുള്ള ആദരങ്ങള്‍ വ്യത്യസ്ത വേദികളിലായി പി.കെ അന്‍വര്‍ നഹ, വനിതാ കെഎംസിസി പ്രസിഡന്റ് സഫിയ മൊയ്തീന്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുഹമ്മദ് പട്ടാമ്പി, ആര്‍.ശുക്കൂര്‍, കെ.പി.എ സലാം, അരിപ്പാമ്പ്ര അബ്ദുല്‍ ഖാദര്‍, ഫാറൂഖ് പട്ടിക്കര, ഷുക്കൂര്‍ എറണാകുളം, കെ.ടി ജുനൈസ് എന്നിവര്‍ വിതരണം ചെയ്തു. വിവിധ വേദികളില്‍ വളണ്ടിയര്‍ ടീമുകള്‍ക്ക് സിദ്ദീഖ് കാലൊടി, ജലീല്‍ കൊണ്ടോട്ടി, മുജീബ് കോട്ടക്കല്‍, ബദറുദ്ദീന്‍ തറമ്മല്‍, ശിഹാബ് ഏറനാട്, അബ്ദുല്‍ സലാം പരി, ഫൈസല്‍ തെന്നല, ഫക്രുദ്ദീന്‍ മാറാക്കര, നാസര്‍ കുറുമ്പത്തൂര്‍, അമീന്‍ വണ്ടൂര്‍, ടി.പി സൈതലവി, മുഹമ്മദ് വള്ളിക്കുന്ന് നേതൃത്വം നല്‍കി. ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പി.കെ.എ കരീം, എം.പി.എം റഷീദ് ആശംസ നേര്‍ന്നു. ജില്ലാ ജന.സെക്രട്ടറി പി.വി നാസര്‍ കോവിഡ് കാല അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.പി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എ.പി നൗഫല്‍ സ്വാഗതവും ഷക്കീര്‍ പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.