അബുദാബിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ വീണ്ടും അനുമതി

    5

    ദുബൈ: അബുദാബിയില്‍ ഇ-സ്‌കൂട്ടര്‍ വാടകക്ക് നല്‍കാന്‍ വീണ്ടും അനുമതി നല്‍കി. വാടകക്ക് നല്‍കുന്ന കമ്പനികള്‍ക്ക് പ്രത്യേക ജില്ലകളില്‍ 25 ശതമാനം ശേഷിയില്‍ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. ഇന്നുമുതല്‍ അല്‍ റീം ദ്വീപ്, അല്‍ മരിയ ദ്വീപ്, അല്‍ സഹിയ, അല്‍ ദാന, അല്‍ ബതീന്‍, കോര്‍ണിഷെ, അബുദാബി മറീന എന്നിവിടങ്ങളില്‍ ഇ-സ്‌കൂട്ടറുകള്‍ വാടകക്ക് എടുക്കാം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്ന് ഓപ്പറേറ്റര്‍മാര്‍ ഉറപ്പാക്കണം. കോവിഡ് പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും പാലിക്കുക, ഇ-സ്‌കൂട്ടര്‍ റൈഡറുകളുടെയും സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും പരിപാലിക്കുക, ജീവനക്കാര്‍ ഇടക്കിടെ പരിശോധന നടത്തുക എന്നിവ പാലിക്കണമെന്ന് മുനിസിപ്പാലിറ്റിയും ഐടിസിയും നിര്‍ദേശിച്ചിട്ടുണ്ട്. ഓപ്പറേറ്റിംഗ് കമ്പനികളുടെ എല്ലാ സ്റ്റാഫുകളും ജോലി സമയങ്ങളില്‍ ഉടനീളം മുഖംമൂടികളും കയ്യുറകളും ധരിക്കണം. കൂടാതെ, ഓപ്പറേറ്റര്‍മാര്‍ പ്രധാന ഇ-സ്‌കൂട്ടര്‍ റെന്റല്‍ സൈറ്റുകളില്‍ സിംഗിള്‍-യൂസ് ഗ്ലൗസുകള്‍, ഹാന്‍ഡ്-സാനിറ്റൈസറുകള്‍, അണുനാശിനി എന്നിവ നല്‍കേണ്ടതുണ്ട്. ആരോഗ്യവും സുരക്ഷയും പാലിക്കണമെന്നും അനുവദനീയമായ സ്ഥലങ്ങളില്‍ ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ഐടിസി ഇ-സ്‌കൂട്ടര്‍ വാടക കമ്പനികളോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും ഐടിസി നിര്‍ദേശിച്ചു. നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന സംഘങ്ങള്‍ ഫീല്‍ഡ് ടൂറുകള്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.