നിഷാദ്.പി
ഫുജൈറ: വിദേശത്തിരുന്ന് യുഎഇയിലെ ഇലേണിംഗ് ക്ളാസില്‍ പങ്കെടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തുണ്ടാവണം. ഏതെങ്കിലും കാരണവശാല്‍ തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ ടിസി വാങ്ങി അതത് രാജ്യത്തെ സ്കൂളുകളില്‍ ചേര്‍ന്നു പഠിക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച സര്‍കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അവധിക്കും മറ്റും നാട്ടിലേക്ക് പോയി കോവിഡ് മൂലം തിരിച്ചു വരാനാവാതെ കുടുങ്ങിയ പല വിദ്യാര്‍ത്ഥികളും നാട്ടില്‍ നിന്ന് ഇലേണിംഗില് തുടരുന്നുണ്ട്. ഇത്തരക്കാര്‍ എത്രയും വേഗം തിരിച്ചെത്തി സ്കൂളില്‍ ഹാജരാവണമെന്ന് അറിയിപ്പ് നല്‍കിയതായി വിവിധ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു. സാധിക്കാത്തവര്‍ കുടിശ്ശികയുള്ള ഫീസടച്ച് ടിസി വാങ്ങി പഠനം തല്‍ക്കാലത്തേക്ക് നാട്ടിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതേസമയം, പുതിയ അഡ്മിഷന് എടുത്തവരും കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയില്‍ എത്താതെ നാട്ടില്‍ ഇലേണിംഗ് തുടരുകയാണ്. യുഎഇയിലെത്തി എമിറേറ്റ്സ് ഐഡിയെടുത്ത് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അധ്യയനം പൂര്ത്തിയാക്കാനാകൂ. ഇത്തരക്കാര്‍ക്കും പുതിയ തീരുമാനം വിനയാകും. യുഎഇയില്‍ സ്കൂള്‍ തുറന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടെത്തി പഠിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.
കോവിഡ് മൂലം സ്കൂള്‍ അടച്ചതോടെ നാട്ടിലേക്ക് പോയ അധ്യാപകരില്‍ പലരും അവിടെ ഇരുന്നാണ് ഇലേണിംഗ് ക്ളാസ് എടുക്കുന്നത്. ഇതും അനുവദനീയമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നാട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ളാസ് എടുക്കുകയും യുഎഇയിലെ ശമ്പളം പറ്റുകയും ചെയ്ത അധ്യാപകര്‍ക്ക് സ്കൂളുകള്‍ അന്ത്യശാസനം നല്കി. ഉടന്‍ തിരിച്ചെത്താത്തവര്‍ക്ക് ജോലി നഷ്ടമാകും.